ഹൈദരാബാദ് കൂട്ടബലാത്സംഗ കൊലപാതകക്കേസിലെ നാല് പ്രതികളിൽ രണ്ടുപേർ കർണാടകയിലും തെലങ്കാനയിലും സമാനമായ ഒമ്പത് കുറ്റകൃത്യങ്ങൾ സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ലോറി തൊഴിലാളികളായിരുന്ന അവർ സ്ഥിരമായി കർണാടകയിൽ നിന്ന് സാധനങ്ങൾ കൊണ്ടുപോകുമായിരുന്നു.
ഹൈദരാബാദ് വനിതാ മൃഗഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ പോലീസ് കസ്റ്റഡിയിലിരിക്കെ സമാനമായ ഒമ്പത് കുറ്റകൃത്യങ്ങൾ നടത്തിയതായി സമ്മതിച്ചതായി തെലങ്കാന പോലീസ് വൃത്തങ്ങൾ അറിയിക്കുന്നു.
ലോറി തൊഴിലാളികളായ മുഹമ്മദ് ആരിഫും (26), ചിന്തകുന്ത ചെന്നകസാവുലുവും (20) ഈ മാസം കൊല്ലപ്പെട്ട നാല് പ്രതികളിൽ ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. തെലങ്കാനയിലെ രംഗ റെഡ്ഡി, സംഗറെഡി, മഹബൂബുനഗർ എന്നീ മൂന്ന് ജില്ലകളിലായി മൂന്ന് ഇരകളെ ബലാത്സംഗത്തിന് ശേഷം ചുട്ടുകൊന്നതായി ഇരുവരും സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ തെലങ്കാനയുടെ അതിർത്തി ജില്ലകളിലാണ് മറ്റ് ആറ് കുറ്റകൃത്യങ്ങൾ നടന്നതെന്നും പൊലീസ് പറയുന്നു.
15 കേസുകളിൽ ആരിഫും ചെന്നകസാവുലുവും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ദേശീയപാതകൾക്ക് സമീപം സ്ത്രീകളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയ എല്ലാ കേസുകളും അവർ പരിശോധിക്കുകയാണ്.
കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് ലോറിയിൽ പോകുമ്പോഴാണ് ഇത്തരത്തിൽ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്നു തള്ളിയിരുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കുന്നത്. അന്വേഷണത്തിനും കൊല്ലപ്പെട്ട യുവതികളെ തിരിച്ചറിയുന്നതിനുമായി ഹൈദരാബാദ് പൊലീസ് കര്‍ണാടകയില്‍ ക്യാംപ് ചെയ്യുകയാണ്. ഇത്തരത്തിൽ പ്രതികളുടെ യാത്രക്കിടയിലാണ് വനിത വെറ്ററിനറി ഡോക്ടറും കൊല്ലപ്പെടുന്നത്.
നവംബര്‍ 27നാണ് തെലങ്കാനയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിനു താഴെയിട്ട് കത്തിക്കുകയായിരുന്നു.