ന്യൂഡൽഹി: തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്‌ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. 10 പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമിതി ശുപാർശ ചെയ്തു. സുപ്രീം കോടതിയിലെ മുൻ ജസ്റ്റിസ് വി.എസ് സിർപുർകറിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടേതാണ് കണ്ടെത്തല്‍.
സിബിഐ മുൻ ഡയറക്ടർ ഡി.ആര്‍ കാര്‍ത്തികേയൻ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ പ്രകാശ് ബാൽദോത്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സമിതിയുടെ കണ്ടെത്തൽ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കും. കൊല്ലപ്പെട്ട പ്രതികള്‍ പോലീസില്‍നിന്ന് തോക്ക് തട്ടിയെടുത്തുവെന്നും പോലീസിനെതിരെ കല്ലെറിഞ്ഞെന്നും തെലങ്കാന സർക്കാരിന് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി വാദിച്ചു. രക്ഷപ്പെടുന്നതിനിടെ പ്രതികൾ പോലീസിനുനേരെ വെടിയുതിർത്തെന്ന വാദം തള്ളിയ കോടതി തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.
ഡിസംബർ ആറിന് വെളുപ്പിന് 3.30നാണ് ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്നത്. ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ ജനരോഷം തണുപ്പിക്കാൻ വേണ്ടി പൊലീസ് നടത്തിയ നാടകമാണ് വെടിവെപ്പെന്ന് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഹൈദരാബാദിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഏറ്റുമുട്ടല്‍ കൊലയില്‍ സത്യമറിയണമെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി 2019 ഡിസംബറിലാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.