സംസ്ഥാനത്ത് നടപ്പാക്കുന്ന ഹൈഡല്‍ ടൂറിസം അഴിമതിയില്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും പി.രാജീവും നിലപാട് വ്യക്തമാക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍. ഹൈഡല്‍ ടൂറിസം അഴിമതിയില്‍ പങ്കാളിയായ
കെടിഡിസി ഡയറക്ടര്‍ ബെന്നി മൂഞ്ഞേലിയുടെ കാര്യത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും കേരള എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്‌സ് ലിമിറ്റഡ് ( കെഇപിഐപി) ചെയര്‍മാന്‍ സാബു ജോര്‍ജിന്റെ കാര്യത്തില്‍ വ്യവസായ മന്ത്രി പി.രാജീവും
പ്രതികരിക്കാന്‍ തയ്യാറാകണമെന്നാണ് ആവശ്യം. ഹൈഡല്‍ ടൂറിസത്തിന്റെ പേരില്‍ ജനതാദള്‍ നേതാക്കള്‍ പകല്‍ക്കൊള്ള നടത്തുന്നതായി തെളിവുകള്‍ സഹിതം പുറത്തുവിട്ടു.
പാലക്കാട്ട് നടത്തിയ മാധ്യ സമ്മേളനത്തിലാണ് ആവശ്യമുന്നയിച്ചത് . ഹൈഡല്‍ ടൂറിസത്തിന്റെ ബൈലോയില്‍ കെഎസ്ഇബിയിലെ അസി.എന്‍ജിനിയര്‍ തസ്തികയില്‍ കുറയാത്തയാളകണം ഡയറക്ടര്‍ എന്നു മാനദണ്ഡമുണ്ട്. എന്നാല്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം കെഎസ്ഇബി ജീവനക്കാരനല്ലാത്ത ഐഎഫ്എസുകാരാനായ അനര്‍ട്ട് സിഇഒയെയാണ് ഡയറക്ടറാക്കിയിരിക്കുന്നത്. ഊര്‍ജ വകുപ്പ് മന്ത്രി ചെയര്‍മാനായ സമിതിയ്ക്കാണ് ഹൈഡല്‍ ടൂറിസത്തിന്റെ ചുമതയെന്നതിനാല്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയാതെ ഒരു ടെന്‍ഡറും നടക്കില്ല. ബെന്നി മൂഞ്ഞേലി, സാബു ജോര്‍ജ്, സി.എച്ച്.അഷ്‌റഫ് എന്നിവര്‍ക്കു പുറമെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കെഎസ്ഇബി സ്വതന്ത്ര ഡയറക്ടര്‍ വി.മുരുകദാസ് എന്നീ ജനതാദള്‍ നേതാക്കള്‍ ചേര്‍ന്ന് ഉണ്ടാക്കിയ കറക്കു കമ്പനിയ്ക്കാണ് ടെന്‍ഡര്‍ നല്‍കിയത്.വി.മുരുകദാസിന് കൂടുതല്‍ ഷെയര്‍ ഉള്ള ഈ കറക്കു കമ്പനിയുടെ ധാര്‍മ്മിക ഉടമ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ്. അതുകൊണ്ടാണ് കെഎസ്ഇബിയിലെ സ്ഥിരം ജീവനക്കാരെ മാറ്റി നിര്‍ത്തി അനെര്‍ട്ടിലേതുപോലെ താല്‍ക്കാലിക ജീവനക്കാരെ കൊണ്ടു മാത്രം ഹൈഡല്‍ ടൂറിസത്തിലെ ജോലികള്‍ ചെയ്യിപ്പിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരം ജീവനക്കാരെ ഭരിക്കാനുള്ള സൂപ്പര്‍ പവര്‍ മന്ത്രി നല്‍കിയാണ് അഴിമതി സ്ഥാപനവല്‍ക്കരിച്ചത്.
ഊര്‍ജ വകുപ്പിലെ അഴിമതി മുന്‍പ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഉന്നത തല ഇടപെടലില്‍ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. സി.എച്ച്.അഷ്‌റഫിന്റെ മകന്‍ അല്‍ത്താഫ് അഷ്‌റഫ് ഡയറക്ടറായ കമ്പനിയിലെ ലെറ്റര്‍പാഡ് നല്‍കിയാണ് സി.എച്ച്.അഷ്‌റഫ് മുന്‍ പരിചയ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.ഇതിനും അനെര്‍ട്ട് സിഇഒ കൂടിയായ നരേന്ദ്രനാഥ വേലൂരി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു.നരേന്ദ്ര നാഥ വേലൂരിയുടെ അഴിമതികളും വഴിവിട്ട പ്രവര്‍ത്തനങ്ങളും സര്‍വകലാശാലകളില്‍ ഗവേഷണ വിഷയമാക്കാനുള്ള അത്രയും ഉണ്ടെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു.