പിറവത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; മക്കള്‍ക്കും പരിക്ക്

Jaihind Webdesk
Sunday, December 31, 2023

കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴിയില്‍ ഇന്ന് പുലർച്ചെയാണ് സംഭവം. തറമറ്റത്തിൽ ബേബി (58) ഭാര്യ സ്മിത (47) എന്നിവരാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ബേബി തൂങ്ങി മരിച്ചു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ജീവനൊടുക്കലിനും കാരണമെന്നാണ് പോലീസ് അറിയിക്കുന്നത്.

പെൺമക്കളായ ഫെബയെയും അന്നയേയും ബേബി വെട്ടിപ്പരിക്കേൽപ്പിച്ചു. വെട്ടേറ്റ കുട്ടികൾ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സംഘം വീട് വിശദമായി പരിശോധിക്കുകയാണ്. മുറികളിലും സിറ്റൗട്ടിലും മണ്ണെണ്ണയൊഴിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തി. ഫോറൻസിക് വിഭാഗമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.