പത്തനംതിട്ടയില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

Jaihind Webdesk
Thursday, October 26, 2023

 

പത്തനംതിട്ട: കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം മുക്കൂർ വടശേരിയിൽ വീട്ടിൽ വേണുക്കുട്ടൻ ആണ് ഭാര്യ ശ്രീജയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.

ഇന്ന് പുലർച്ചയോടെയാണ് സംഭവം. ശ്രീജയുടെ പാലയ്ക്കാ തകിടിയിലെ വീട്ടിലെത്തിയാണ് വേണുക്കുട്ടന്‍ നായർ ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ശ്രീജ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കീഴ്വായ്പൂർ പോലീസ് എത്തി മേൽനടപടി സ്വീകരിച്ച ശേഷം വേണുക്കുട്ടൻ നായരുടെ മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ദമ്പതികൾ ഏറെക്കാലമായി സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന വേണുക്കുട്ടൻ നായരുടെ സമ്പാദ്യം ഭാര്യ ധൂർത്തടിച്ചു എന്ന പരാതി വേണുക്കുട്ടൻ നായർ ഉയർത്തിയിരുന്നു. ഇതേ തുടർന്നുള്ള കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെന്ന് പോലീസ് പറഞ്ഞു.