തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറി. രാത്രിയോടെ മണിക്കൂറിൽ 130 കിലോ മീറ്റര്‍ വരെ വേഗത പ്രാപിക്കുന്ന ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റാകും. സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരും.
ചുഴലിക്കാറ്റ് വടക്ക്, വടക്ക് – പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നും 18ന് ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നുമാണ് പ്രവചനം. അമിനി ദ്വീപിന്റെ തീരത്തുനിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്, വടക്കു പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കാറ്റിന്റെ സ്ഥിതി. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 62 കി.മീ മുതല്‍ 88 കി.മീ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവിടെനിന്ന് രാജസ്ഥാനിലേക്കായിരിക്കും കാറ്റിന്റെ ഗതി. കേരളം, ലക്ഷദ്വീപ് കപ്പൽ ഗതാഗതം പൂർണമായി നിർത്തിവച്ചു. മഹാരാഷ്ട്ര, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും ഇതു കേരള തീരത്തോടു അടുത്തായതിനാൽ സംസ്ഥാനത്ത് 16 വരെ തീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമായിരിക്കും മഴയും കാറ്റും കൂടുതല്‍ ശക്തമാകുന്നത്.
കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
തീരദേശങ്ങളില്‍ കടലാക്രമണം രൂവിവിധ തീര ജില്ലകളിൽ കടലാക്രമണത്തിൽ രൂക്ഷമാണ്. നിരവധി വീടുകൾ തകർന്നു. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയിലും കാറ്റിലും ഒട്ടേറെ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.