ഐഡ ചുഴലിക്കാറ്റ് : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 46 മരണം

ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 46 ആയി. ന്യൂയോര്‍ക്ക്, ന്യൂജഴ്സി നഗരങ്ങളിലാണ് മഴക്കെടുതി രൂക്ഷമായിട്ടുള്ളത്. കെട്ടിടങ്ങളുടെ ബേസ്മെന്റിലും, സബ്വേകളിലും വെള്ളം നിറഞ്ഞ് ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും പ്രധാനപ്പെട്ട പല റോഡുകളും അടച്ചു. ന്യൂജേഴ്‌സിയില്‍ 23 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ഇതില്‍ കൂടുതല്‍പേരും വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയവരാണ്. രണ്ട് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിത്താമസിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കനത്ത മഴയും കൊടുങ്കാറ്റും കാരണം പെന്‍സില്‍വാനിയയില്‍ 98000, ന്യൂയോര്‍ക്കില്‍ 40,000 ന്യൂജേഴ്‌സിയില്‍ 60,000 വീടുകളില്‍ വീതം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ലൂസിയാനയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപകനാശനഷ്ടമുണ്ടായി. കാലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്.

Comments (0)
Add Comment