അമേരിക്കയില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്. ദുരന്തത്തില്‍ 33 പേര്‍ക്ക് ജീവന് നഷ്ടമായി. 4 സമസ്ഥാനങ്ങളിലായി വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. അതേസമയം അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച ചുഴലിക്കാറ്റില്‍ നഷ്ടമായത് നിരവധി ജീവനുകളാണ്. നിരവധി പേര്‍ക്ക് പരിക്കും സംഭവിച്ചു. ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നതുള്‍പ്പെടെ നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശനിയാഴ്ചയാണ് ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. വലിയ ട്രക്കുകള്‍ മറിഞ്ഞുകിടക്കുന്നതും ഉള്‍പ്പടെയുള്ള പുറത്തുവരുന്ന ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചും അപകടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ചുഴലിക്കാറ്റ് വീശിയടിച്ച അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 50 ലധികം ആക്സിഡന്റ് കേസുകളാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. കന്‍സാസിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. മരങ്ങളും വൈദ്യുതി ലൈനുകളും വീണതായും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.
ഇനിയും ചുഴലിക്കാറ്റുകള്‍ക്ക് സാധ്യത മുന്നറിയിപ്പ് പ്രവചിച്ചിട്ടുണ്ട്. കൂടാതെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി. മിസിസിപ്പിയിലും അലബാമയിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.