തിരുവോണ ദിനം നൊമ്പരക്കാഴ്ചയായി വിവിധ സംഘടനകളുടെ പട്ടിണി സമരം

Jaihind Webdesk
Saturday, August 21, 2021

തിരുവനന്തപുരം : തിരുവോണനാളിൽ പട്ടിണി സമരം നടത്തി പ്രതിഷേധം. തലസ്ഥാനത്ത് സെക്രട്ടറിയേറ് നടയിലാണ് വിവിധ സംഘടനകളുടെ പട്ടിണി സമരങ്ങൾ നൊമ്പര കാഴ്ചയായത്. അതേസമയം സെക്രട്ടറിയേറ്റിന് സമീപത്തെ ഹോട്ടലിൽ തിരുവോണ സദ്യക്കായി മണിക്കൂറുകളോളം ആളുകൾ ക്യൂ നിൽക്കുന്നതും തിരുവോണദിനത്തിലെ വേറിട്ട കാഴ്ചയായി.

സർക്കാരിനെതിരെ തിരുവോണ ദിനത്തിലും വേറിട്ട പ്രതിഷേധം നടത്തി വിവിധ സംഘടനകൾ സെക്രട്ടറിയേറ് മുന്നിൽ നിരന്നു. തൊഴിലാളികൾക്കെതിരെയുള്ള സർക്കാർ നയത്തിൽ ഒഴിഞ്ഞ ഇലയിട്ടായിരുന്നു ഐഎൻടിയുസിയുടെ നേതൃത്വത്തിൽ പട്ടിണി സമരം നടത്തിയത്‌. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു.

തീരദേശത്തെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തിയ സമരവും വേറിട്ട പ്രതിഷേധം ആയി. കലം കമഴ്ത്തിയും ഇലയിൽ മണ്ണിട്ടുമായിരുന്നു പട്ടിണി സമരം. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടു കെഎസ്ആർടിസി എം പാനൽ ജീവനക്കാരും ഇലയിൽ മണ്ണിട്ട് പ്രതിഷേധിച്ചു.

മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടു എസ് ടി യു നേതൃത്വത്തിലും പട്ടിണി സമരം നടന്നു. കിറ്റ് വിതരണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും സ്രെക്രട്ടറിയേറ് നടയിൽ പട്ടിണി സമരം നടത്തി. അതേമയം തിരുവോണ ദിവസം സെക്രട്ടറിയേറ്റിന് സമീപത്തെ പ്രമുഖ ഹോട്ടലിൽ മുന്നില്‍ സദ്യ വാങ്ങാനായി ആളുകളുടെ നീണ്ട നിരയായിരുന്നു കാണാന്‍ കഴിഞ്ഞത്.  ഗതാഗത കുരുക്കഴിക്കാൻ പൊലീസുകാരും എത്തേണ്ടിവന്നു.