കർണാടകയില്‍ നൂറുകണക്കിന് ജെഡിഎസ്, ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു; ഇനിയും കൂടുതല്‍ പേർ എത്തുമെന്ന് ഡി.കെ. ശിവകുമാർ

Jaihind Webdesk
Wednesday, April 3, 2024

 

ബംഗളുരു: കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ നിന്നുള്ള മുൻ ജെഡിഎസ് എംഎൽഎ കെ.പി. ബച്ചെഗൗഡ, ജെഡിഎസ് ജില്ലാ പ്രസിഡന്‍റ് മുനെഗൗഡ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ നൂറുകണക്കിന് ജെഡിഎസ്, ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. പ്രാദേശിക നേതാക്കളുടെ കടന്നുവരവ് പാർട്ടിക്ക് കൂടുതല്‍ കരുത്തുപകരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇനിയും കൂടുതല്‍ പേർ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ ഡി.കെ. ശിവകുമാർ പറഞ്ഞു.

ചിക്കബെല്ലാപുര, കോലാർ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നുള്ള നിരവധി ബിജെപി, ജെഡിഎസ് നേതാക്കളാണ് ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നത്. മുൻ ജെഡിഎസ് എംഎൽഎ കെ.പി. ബച്ചെഗൗഡ ഉൾപ്പെടെ നൂറുകണക്കിന് നേതാക്കളാണ് കോണ്‍ഗ്രസിലേക്കെത്തിയത്. കർണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തില്‍ ഇവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. കൂടുതല്‍ പേർ കോണ്‍ഗ്രസിലേക്ക് ഇനിയും കടന്നുവരുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റ് സി.എം. ഇബ്രാഹിമിന്‍റെ മകൻ സി.എം. ഫായിസ് ഉള്‍പ്പെടെയുള്ളവർ ഉടന്‍ കോൺഗ്രസിലേക്കെത്തുമെന്ന് ഡികെ വ്യക്തമാക്കി. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ വൻതോതിൽ പാർട്ടിയിലേക്ക് എത്തുന്നുണ്ട്. കർണാടകയിൽ വിജയിക്കാൻ കഴിയില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് ഇതിനോടകം എത്തിച്ചേർന്നത്. പാര്‍ട്ടിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. സിറ്റിംഗ് എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവർ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്കെത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്‍റെ മനസ് എങ്ങോട്ടാണെന്നതിന്‍റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.