വന്യജീവി ആക്രമണങ്ങളിൽ വിറങ്ങലിച്ച് കേരളം; സർക്കാരിന്റെ അനാസ്ഥയിൽ പൊലിയുന്നത് നൂറുകണക്കിന് മനുഷ്യജീവനുകൾ

Jaihind News Bureau
Saturday, December 20, 2025

സംസ്ഥാനത്ത് വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് കടന്നുകയറി മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ നിയന്ത്രണാതീതമാകുമ്പോഴും, പ്രശ്‌നം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരും വനംവകുപ്പും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 450ലധികം ആളുകളാണ് വന്യജീവി ആക്രമണങ്ങളില്‍ സംസ്ഥാനത്ത് മരണപ്പെട്ടത്.

വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ വനാതിര്‍ത്തി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കടുവ, ആന, പുലി തുടങ്ങിയ വന്യജീവികളുടെ ആക്രമണങ്ങളാണ് മനുഷ്യജീവിതത്തിന് ഗുരുതര ഭീഷണിയായി മാറിയിരിക്കുന്നത്. ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ കൂടുതലും നടക്കുന്നത്.

വയനാട്ടിലെ പുല്‍പ്പള്ളി വണ്ടിക്കടവ് മേഖലയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം ഈ പ്രതിസന്ധിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. പ്രദേശത്ത് വന്യജീവികളുടെ സാന്നിധ്യം നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും, മതിയായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്ത വനംവകുപ്പിന്റെ വീഴ്ചയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം.

വന്യജീവി ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും, മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍, സ്ഥിരം പട്രോളിംഗ്, അപകടസാധ്യതയുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ നടപടികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ലന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസി സമൂഹങ്ങളും ഗ്രാമവാസികളും ജീവന്‍ പണയം വെച്ചാണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി കാട്ടിലേക്ക് പോകേണ്ടിവരുന്നത്.

450ലധികം മനുഷ്യജീവിതങ്ങള്‍ നഷ്ടപ്പെട്ടിട്ടും ദീര്‍ഘകാല പരിഹാരങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ഗുരുതര ഭരണപരാജയമാണ്. വന്യജീവി മനുഷ്യ സംഘര്‍ഷം നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടലുകളും പദ്ധതികളും അനിവാര്യമാണ്.