ശ്രീലങ്കയില്‍ പ്രക്ഷോഭം അതിരൂക്ഷം; പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറി ജനക്കൂട്ടം; രാജ്യം വിട്ട് ഗോട്ടബയ രജപക്സെ

 

കൊളംബോ: ആഭ്യന്തര കലാപം അതിരൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെക്കും രക്ഷയില്ല. പ്രസിഡന്‍റിന്‍റെ വസതി പ്രക്ഷോഭകർ കയ്യേറി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ പ്രക്ഷോഭം അതിശക്തമായി തുടരുകയാണ്. പതിനായിരക്കണക്കിന് ജനങ്ങളാണ് സംഘടിച്ചെത്തി പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭം മുന്നില്‍ക്കണ്ട് പ്രസിഡന്‍റ് നേരത്തേതന്നെ വസതിയില്‍ നിന്ന് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ടുണ്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തിൽ പങ്കാളികളാണ്.

പ്രസിഡന്‍റ് ഗോട്ടബയ രജപക്സെ സൈനിക ആസ്ഥാനത്തുണ്ടെന്നാണ് വിവരം. എന്നാല്‍ അദ്ദേഹം  രാജ്യം വിട്ടതായും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പതിനായിരക്കണക്കിന് വരുന്ന ജനങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച ജനക്കൂട്ടം പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇരച്ചെത്തിയ പ്രക്ഷോഭകരെ തടയാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു. പ്രക്ഷോഭത്തിനിടെ പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. തലസ്ഥാനത്ത് റോഡ്, റെയിൽ ഗതാഗത നിയന്ത്രണം പ്രക്ഷോഭകർ ഏറ്റെടുത്തതായാണ് വിവരം.

 

 

Comments (0)
Add Comment