എസ്.എഫ്.ഐക്കാരുടെ ഭീഷണിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Jaihind Webdesk
Saturday, May 4, 2019

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനുള്ളില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമനിക്ക് ആവശ്യപ്പെട്ടു.

സംഭവത്തില്‍ മന്ത്രി കെ.ടി. ജലീലും റിപ്പോര്‍ട്ട് തേടിയിരുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് ജലീല്‍ റിപ്പോര്‍ട്ട് തേടിയത്. വെള്ളിയാഴ്ച രാവിലെ കോളേജിനകത്തെ അമിനിറ്റി സെന്ററിന് സമീപത്താണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ജീവനൊടുക്കാന്‍ ശ്രമിച്ച് അവശനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ കോളേജിലെത്തിയ വിദ്യാര്‍ഥികളും ജീവനക്കാരുമാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.