മനുഷ്യക്കടത്ത്: കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

Jaihind Webdesk
Tuesday, September 6, 2022

മനുഷ്യകടത്തുമായി ബന്ധപ്പെട്ട് കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിലായി. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് ഇന്ന് പിടിയിലായത്. മനുഷ്യകടത്ത് സംഘത്തിന് പിന്നിൽ കൊളംബോ സ്വദേശിയായ ലക്ഷ്മണൻ ഉൾപ്പെട്ട വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായ വിവരത്തെ തുടർന്ന് പോലിസ് വ്യാപക അന്വേഷണം തുടരുകയാണ്.

കൊല്ലം വാടി തീരത്ത് നിന്ന് ബോട്ടു മാർഗം കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തിൽ ഉൾപ്പെട്ട ഒരു കുട്ടിയും നാല് സ്ത്രീകളും ഉൾപ്പെടെ 11 പേരേയാണ് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പള്ളിത്തോട്ടം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസവും 11 പേർ പിടിയിലായിരുന്നു. കൊല്ലം തീരത്ത് എത്തുന്ന ബോട്ട് വഴി കാനഡയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം. 45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗം കാനഡയിൽ എത്തിക്കാമെന്ന ഉറപ്പ് നൽകിയാണ് ഇവരെ കൊല്ലത്ത് എത്തിച്ചത്. ഇന്നലെ പിടിയിലായ പതിനൊന്ന് പേർക്കേതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ കൊല്ലത്ത് പിടിയിലായ സംഘത്തിലെ രണ്ടുപേർ പ്രധാന കണ്ണിയായ ലക്ഷ്മണന്‍റെ സഹായികൾ ആണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. തമിഴ‍്‍നാട്ടിലെ കാരയ്ക്കൽ വഴി കാനഡയിലേക്ക് കടക്കാൻ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരം ഇവർ തിരഞ്ഞെടുത്തത്. ഈ സംഘത്തിൽപ്പെട്ട കൂടുതൽ പേർ കൊല്ലത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്. ഇതേ തുടർന്ന് വ്യാപക അന്വേഷണം തുടരുകയാണ്.