
മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ ഇരുനില കെട്ടിടത്തിന്റെ ഓപ്പണ്‍ ടെറസില്‍ നിന്നും മനുഷ്യ അസ്ഥികൂടം കണ്ടെത്തി. മഞ്ചേരി ചെരണിയിലെ പ്ലൈവുഡ് റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
പല ഭാഗങ്ങളായി ചിതറിക്കിടക്കുന്ന നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ അസ്ഥികൂടത്തിന് കുറച്ച് പഴക്കമുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി വരികയാണ്. ടെറസിന് മുകളില്‍ പഴയ സാധനങ്ങള്‍ കൂമ്പാരമായി വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇതിനിടയില്‍ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.
കെട്ടിടത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ താമസിച്ചു വരികയായിരുന്നു. എന്നാല്‍, മുന്‍പ് ഇതേ സ്ഥലത്ത് ഒരു തമിഴ്‌നാട് കുടുംബം താമസിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഈ കുടുംബത്തെക്കുറിച്ചും പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അസ്ഥികൂടം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല.