ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നു : യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനെ കുറിച്ച് പരസ്യമായി പ്രതികരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. സമാധാന ശ്രമങ്ങളുടെ പ്രധാന പങ്കാളിയായി മോഡിയെ പരിഗണിക്കുന്നതിന് മുമ്പ് മുസ്ലിം ജനതയ്ക്ക് എതിരേ പല സംസ്ഥാനങ്ങളിലും നടക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും
മതം മാറ്റത്തിന് എതിരേ നിയമനിര്‍മ്മാണം നടത്തുന്നതും അമേരിക്ക ഗൗരവമായി വിലയിരുത്തുന്നുണ്ട്.

ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെല്ലാം അമേരിക്ക ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പ്രതികരിച്ചത്. പല സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് പോലീസും മറ്റു ഭരണ തലത്തിലുള്ള ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആന്റണി ബ്ലിങ്കന്‍ ഇക്കാര്യം സധൈര്യം പറഞ്ഞത്. എന്നാല്‍ ബ്ലിങ്കന്റെ വാദത്തോട് വിദേശകാര്യമന്ത്രിയോ പ്രതിരോധ മന്ത്രിയോ പ്രതികരിച്ചില്ല. മോദിയെ സമാധാന ശ്രമങ്ങളുടെ പങ്കാളിയായി പരിഗണിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ മുസ്ലീം ജനവിഭാഗത്തോട് മോദിയുടെ നിലപാട് നിരീക്ഷിക്കുമെന്ന് അമേരിക്കന്‍ പ്രതിനിധി ഇല്‍ ഹാന്‍ ഒമാര്‍ കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലിങ്കന്‍റെ  പ്രതികരണം.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിന് എതിരായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളാണ് നിയമം പാസാക്കിയിരിക്കുന്നത്. 2019 ല്‍ രാജ്യത്ത് പൗരത്വ നിയമം അവതരിപ്പിക്കുകയും കാശ്മീരിന്‍റെ പ്രത്യേക ഭരണഘടനാ പദവിയും പിന്‍വലിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കര്‍ണ്ണാടകയില്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധവും പ്രഖ്യാപിച്ചിരുന്നു. ഇത് ഭരണഘടനാ ലംഘനം തന്നെയാണെന്നാണ് അമേരിക്കയുടെ നിലപാട്.

Comments (0)
Add Comment