യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍: സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Jaihind News Bureau
Monday, July 15, 2019

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ഭയവും സമാധാനപരവുമായി അധ്യയനം നടത്തുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് നാലാഴ്ച്ചയ്ക്കകം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
കോളേ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും കോളേജ് പ്രിന്‍സിപ്പലിനുമാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്.

അധ്യയന സമയങ്ങളില്‍ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ജാഥകള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കുക, കോളേജ് യൂണിറ്റ് കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി മുദ്രവെയ്ക്കുക, ജനാധിപത്യപരമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക, അധ്യയന സമയത്തിന് സേഷം വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം കോളേജില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക, പുറത്തുനിന്നുള്ളവര്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിക്കുക, കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, വിദ്യാര്‍ത്ഥികളെ മാനസികമാും ശാരീരകമായും പീഡിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുക, വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക തുടങ്ങീ പരാതിയില്‍ പറയുന്ന എല്ലാ ആവശ്യങ്ങളിലും സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അഡ്വ. എസ്. ജലീല്‍ മുഹമ്മദ്, ഗിന്നസ് മാടസ്വാമി എന്നിവര്‍ നല്‍കിയ പരാതികളിലാണ് നടപടി.