ശബരിമലയിൽ ഇന്നും വൻ ഭക്തജനതിരക്ക്; വീണ്ടും നിയന്ത്രണമേർപ്പെടുത്തി

Jaihind Webdesk
Thursday, December 21, 2023

പത്തനംതിട്ട: ശബരിമലയിൽ ഇന്നും വൻ തിരക്ക്. വീണ്ടും പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള പാതയിൽ  നിയന്ത്രണമേർപ്പെടുത്തി. നിലക്കലിലേക്കുള്ള വാഹനഗതാഗതത്തിലെ നിയന്ത്രണത്തിൽ ഉച്ചയോടെ ഇളവ് വരുത്തി. ഇന്നലെയും ഇന്നുമായി ഒന്നര ലക്ഷം തീർഥാടകരാണ് ദർശനം നടത്തിയത്. നീണ്ട ഭക്തജന നിരയാണ് ശബരിമലയില്‍. സന്നിധാനം മുതൽ അപ്പാച്ചിമേട് വരെയാണ്  നിര.

ഇന്നലെ അർധരാത്രി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. എന്നാല്‍ വീണ്ടും സന്നിധാനം തീർഥാടകരെ കൊണ്ട് നിറയുകയായിരുന്നു. ഇതോടെ വീണ്ടും പമ്പ സന്നിധാന പാതയിൽ നിയന്ത്രണം കൊണ്ടുവന്നു. സന്നിധാനത്തേക്ക് എത്താൻ പത്തുമണിക്കൂറിലേറെ സമയം എടുക്കുന്നുണ്ട്. എരുമേലി വഴിയും ളാഹവഴിയും നിലക്കലിലേക്കുള്ള പാതയിൽ ഏർപ്പെടുത്തിയ വാഹന നിയന്ത്രണത്തിൽ ഇളവ് വരുത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഇന്നലെയായിരുന്നു. ഇന്നലെ മാത്രം മലകയറിയത് ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകരാണ്. ഇന്ന് ഉച്ചവരെ 45,000 ത്തിലധികം അയ്യപ്പഭക്തനാണ് പതിനെട്ടാംപടി ചവിട്ടിയത്.