കരുവാരക്കുണ്ടിൽ കുന്നിൻമുകളിൽ കൂറ്റൻ അനധികൃത ജലസംഭരണികൾ; നികത്താൻ കളക്ടറുടെ ഉത്തരവ്

 

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കുന്നിൻമുകളിൽ കൂറ്റൻ അനധികൃത ജലസംഭരണികൾ. ഇവ നികത്താൻ കളക്ടറുടെ ഉത്തരവ് നൽകി.  ജലസംഭരണികൾ നിലനിർത്തിയാൽ വലിയ അപകടം ഉണ്ടാകുമെന്ന് ജിയോളജി വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.

കരുവാരക്കുണ്ടിൽ കുന്നിൻമുകളിലുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അനധികൃത ജലസംഭരണികൾ. കൂമ്പൻമലയുടെ തൊട്ടുതാഴെയാണ് കൂറ്റൻ ജലസംഭരണികൾ നിർമിച്ചത്. പരിസ്ഥിതിലോല മേഖലയിലെ ജലസംഭരണികൾ വൻ അപകടമുണ്ടാക്കുമെന്ന് ജിയോളജി വകുപ്പിന്‍റെ റിപ്പോർട്ട് ലഭിച്ചതോടെ ഇവ നികത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം കുഴികൾ മൂടണമെന്നും, ഇവയ്ക്ക് മുകളിൽ ടാർപായ വിരിക്കണമെന്നുമാണ് ഉത്തരവ്. മഴക്കാലം കഴിഞ്ഞാൽ ജലസംഭരണിക്ക് മുകളിൽ കുറ്റിച്ചെടികൾ വളർത്തണമെന്നും ഉത്തരവിൽ പറയുന്നു.

വലിയ ജലസംഭരണികൾ കൂടാതെ ചെറിയ മൂന്ന് കുഴികളും നികത്തണം. ജലസംഭരണി മൂലം വരുന്ന എല്ലാ അപകടങ്ങളുടെയും ഉത്തരവാദികൾ സ്ഥലമുടമകൾ മാത്രമായിരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പേരിൽ ജില്ലാ കളക്ടർ അയച്ച ഉത്തരവിൽ പറയുന്നു. പഞ്ചായത്തിനോട് അനുമതി വാങ്ങിയല്ല ഉടമകൾ കുഴിയെടുത്തതെന്നും വിവരമറിഞ്ഞയുടൻ ജിയോളജി വകുപ്പിനെ അറിയിച്ചെന്നും നിയമലംഘനം തുടർന്നാൽ കർശന നടപടി എടുക്കുമെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചു. 35 ഡി​ഗ്രി ചെരിവുള്ള ഭൂമിയിൽ 22 മീറ്റർ നീളവും 12 മീറ്റർ ആഴവുമുള്ള ജലസംഭരണികളാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചത്. ഷോർണൂർ നിവാസികളാണ് എസ്റ്റേറ്റിന്‍റെ ഉടമകൾ. ജലസംഭരണി തകർന്നാൽ വൻ ദുരന്തമാണ് ഉണ്ടാവുക. പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശത്തിനു താഴെ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കരുവാരക്കുണ്ടിൽ നേരത്തെ രണ്ട് തവണ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്.

Comments (0)
Add Comment