ഹുവായുടെ ഫോൾഡബിൾ സ്മാർട്‌ഫോൺ ‘മേറ്റ് എക്‌സ്’ സെപ്റ്റംബറിൽ എത്തും

Jaihind Webdesk
Tuesday, June 25, 2019

ചൈനീസ് സ്മാർട്ട് ഫോൺ ബ്രാൻഡായ ഹുവായുടെ ഫോൾഡബിൾ സ്മാർട്‌ഫോൺ ‘മേറ്റ് എക്‌സ്’ സെപ്റ്റംബറിൽ പുറത്തിറക്കും. ജൂണിൽ ഫോൺ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വൈകിപ്പിക്കുകയായിരുന്നു.

സാംസങ് ഗാലക്‌സി ഫോൾഡ് എന്ന ഫോൾഡബിൾ സ്മാർട്ട് ഫോൺ, കമ്പനി പുറത്തിറക്കിയതിന് പിന്നാലെയാണ് ചൈനീസ് കബനിയായ ഹുവായുടെ ഫോൾഡബിൾ ഡിസ്പ്ലേ സ്മാർട്ഫോണായ ഹുവായി വാവേ മേറ്റ് എക്സ് പുറത്തിറക്കുന്നത്. ഫോൾഡാബിൾ സ്മാർട്ട് ഫോൺ ശ്രേണിയിൽ രണ്ടാമത്തെ ഫോണാണ് മേറ്റ് എക്‌സ്. ഈ വർഷം ഫെബ്രുവരിയിലാണ് മേറ്റ് എക്‌സ് ഫോൾഡബിൾ സ്മാർട്‌ഫോൺ അവതരിപ്പിച്ചത്. എന്നാൽ ഫോൾഡബിൾ സ്‌ക്രീനുകൾ തകരാറിലായതിനെ തുടർന്ന് സാംസങ് ഫോൾഡബിൾ സ്മാർട്‌ഫോണിന് വലിയ തിരിച്ചടി നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ഹുവായി ഫോണുകൾ വിപണിയിലെത്തിക്കുന്നത് വൈകിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. സമഗ്രമായ പരിശോധനകൾക്കൊടുവിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ചൈനീസ് 3സി സർട്ടിഫിക്കേഷൻ മാർക്ക് ‘മേറ്റ് എക്‌സിന്’ ലഭിച്ചിരുന്നു.

എക്‌സിന്‍റെ പി-ഓഎൽഇഡി സ്‌ക്രീനിലും കമ്പനി മാറ്റങ്ങൾ വരുത്തിയിരുന്നു. 5 ജി കണക്ടിവിറ്റിയും ഫോൾഡ് ചെയ്യാവുന്ന ഡിസ്പ്ലേയുമാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ. ഗാലക്സി ഫോൾഡ് 7.3 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ നൽകുമ്പോൾ മേറ്റ് എക്സ് 8 ഇഞ്ച് ഡിസ്പ്ലേയാണ് നൽകുന്നത്. മേറ്റ് എക്സിൽ നാലു ക്യാമറകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 8 ജിബി റാം, 512 ജിബി ഇന്‍റേണൽ മെമ്മറി, 4500 എംഎഎച്ച് ബാറ്ററി എന്നിവയാണ് വാവേ മേറ്റ് എക്സിന്‍റെ മറ്റു സവിശേഷതകൾ. എറ്റവും കൂടുതൽ 65 വാട്ട് ഔട്ട്പുട്ട് വരുന്ന പവർ അഡാപ്റ്റർ ഫോണിനൊപ്പം
ഉണ്ടാവുമെന്നാണ് വിവരം.