‘ഹൃദ്യം’ പദ്ധതി : സുരക്ഷാ ക്രമീകരണങ്ങളിൽ പോരായ്മ; വ്യക്തി-രോഗ വിവരങ്ങള്‍ ചോരും

Jaihind Webdesk
Wednesday, February 6, 2019

Hridyam-details-leak

ആരോഗ്യ വകുപ്പിന്‍റെ ‘ഹൃദ്യം’ പദ്ധതിയുടെ വെബ് സൈറ്റ് വിവരങ്ങൾ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി സൈബർ വിദഗ്ധൻ. ഇതിന്‍റെ സുരക്ഷാ ക്രമീകരണങ്ങളിൽ പോരായ്മകളുണ്ടെന്ന സന്ദേശമാണ് ഫ്രഞ്ച് സൈബർ സുരക്ഷാ വിദഗ്ധനായ എലിയറ്റ് ആൽഡേഴ്സൻ ട്വിറ്ററിലൂടെ പങ്കു വെച്ചത്. പ്രശ്‌നപരിഹാരം നടത്തിയെന്ന് അധികൃതർ പറയുമ്പോളും, അതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന ചോദ്യമാണ് ഉയരുന്നത്

സംസ്ഥാനത്തെ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കായുള്ള സംരഭമാണ് ഹൃദ്യം പദ്ധതി 3800 ഓളം പേരുടെ രോഗവിവരങ്ങളും വ്യക്തി വിവരങ്ങളുമാണ് ആരോഗ്യവകുപ്പിന്‍റെ കീഴിലുള്ള ഹൃദ്യം പദ്ധതിയുടേതായുള്ള സൈറ്റിലുള്ളത്. ആധാർ കാർഡുൾപ്പടെയുള്ള വ്യക്തി വിവരങ്ങൾ അടങ്ങിയ തിരിച്ചറിയൽ രേഖകൾ ഇതിലൂടെ കണ്ടെത്താനവുമെന്ന വെളിപ്പെടുത്തലാണ് വിഖ്യാത ഹാക്കറും ഫ്രഞ്ച് സൈബർ സുരക്ഷാ വിദഗ്ദ്ധനുമായ എലിയറ്റ് ആൽഡേഴിസൺ പറയുന്നത്. മുഖ്യമന്ത്രിയുടെയും ആരോഗ്യ കേരളത്തിന്‍റെയും ട്വിറ്റർ ഹാൻഡിലിനെ മെൻഷൻ ചെയ്തു കൊണ്ടായിരുന്നു ഇതു സംബന്ധിച്ച വിവരം എലിയറ്റ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് വെബ് സൈറ്റിനെ സംബന്ധിച്ച പിഴവ് എലിയറ്റ് ചൂണ്ടി കാണിച്ചത്. തുടർന്ന് പദ്ധതി അധികൃതർ എലിയറ്റുമായി ആശയവിനിമയം നടത്തുകയുണ്ടായി.

എന്നാൽ വിവരങ്ങൾ ഒന്നും തന്നെ ആരും ഇതുവരെ ചോർത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. പിഴവ് ചൂണ്ടി കാട്ടിയതിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസത്തിനകം സൈറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ദേശീയ മാധ്യമമുൾപ്പെടെ ചർച്ച ചെയത വിഷയത്തെ പൊതുജനങ്ങളെ അറിയിക്കാതെ ഒതുക്കി തീർക്കാനായിരുന്നു സർക്കാർ ശ്രമം.

സംസ്ഥാനത്തെ ആയിരങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിന്‍റെ
തുടർനടപടികൾ എന്തെല്ലാമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. നേരത്തെ സിഡിറ്റിനെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് വിവരശേഖരണത്തിനുള്ള ചുമതല നൽകിയതിന്റെ പേരിലും സംസ്ഥാന സർക്കാർ ഏറെ പഴികേട്ടിരുന്നു.