‘ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റാകാന്‍ 19 കേസുള്ള ആളെ എങ്ങനെ പരിഗണിച്ചു’?-വിപ്ലവഗാനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Jaihind News Bureau
Thursday, April 3, 2025

കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്രത്തില്‍ ഉത്സവ പരിപാടിക്കിടെ സിപിഎം വിപ്ലവ ഗാനം അവതരിപ്പിച്ചതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അമ്പലപ്പറമ്പ് അതിനുള്ളതല്ലെന്നും ജനങ്ങള്‍ എത്തുന്നത് ഉത്സവം കാണാനെന്നും കോടതി വിമര്‍ശിച്ചു. അതേസമയം ക്ഷേത്ര ഭരണസമിതി പ്രസിഡന്റാകാന്‍ 19 കേസുള്ള ആളെ എങ്ങനെ പരിഗണിച്ചുവെന്നും കോടതി ചോദിച്ചു.

വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഇത്തരമൊരു കാര്യം ഒരിക്കലും അമ്പലപ്പറമ്പില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. സംഭവത്തില്‍ പോലീസ് കേസെടുക്കേണ്ടതായിരുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സറ്റേജിനു മുന്നില്‍ കുപ്പിയും മറ്റും ഉയര്‍ത്തിപ്പിടിച്ച് യുവാക്കള്‍ നൃത്തം വച്ചെന്നും ഇവരെ വിശ്വാസികള്‍ എന്ന് വിളിക്കാനാകുമോ എന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. അതേസമയം ക്ഷേത്ര ഭരണസമിതി പ്രസിഡന്റാകാന്‍ 19 കേസുള്ള ആളെ എങ്ങനെ പരിഗണിച്ചു വെന്നും കോടതി ചോദിച്ചു. ഗാനമേളയ്ക്ക് എത്ര തുക ചെലവഴിച്ചു? പിരിച്ചത് എങ്ങനെയെന്നും കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചു.

എന്നാല്‍ പ്രേക്ഷകരുടെ ആവശ്യപ്രകാരമായിരുന്നു അവതരണമെന്നാണ് ക്ഷേത്ര ഉപദേശക സമിതിയുടെ വിശദീകരണം. കടയ്ക്കല്‍ തിരുവാതിരയോട് അനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.