തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണ്ണക്കള്ളക്കടത്ത് കേസിന് പുതിയ മാനം കൈവന്നിരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ അറിയിച്ച കാര്യങ്ങള്‍ ഇത് വ്യക്തമാക്കുന്നതാണ്. ശിവശങ്കറിന് മാത്രമല്ല, സർക്കാരിലെ മറ്റ് ഉന്നതർക്കും കേസില്‍ ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 2017 മുതല്‍ തന്നെ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇത്തരക്കാർ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് ഇതൊന്നും അറിയാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
രാജ്യദ്രോഹപരമായ, രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി തന്നെ അട്ടിമറിക്കുന്ന കള്ളക്കടത്ത് സംഘത്തിന് സംസ്ഥാന സർക്കാരിലെ ഉന്നതരുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ്. ആരെല്ലാമാണ് ഉന്നത ഉദ്യോഗസ്ഥർ എന്നത് പുറത്തുവരേണ്ടതുണ്ട്. ആകെ ബന്ധമുള്ളത് ശിവശങ്കറിനാണെന്നും അദ്ദേഹത്തെ പുറത്താക്കിയപ്പോൾ ഉത്തരവാദിത്വം അവസാനിച്ചെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ ഇ.ഡി കോടതിയിൽ പറഞ്ഞത് സംസ്ഥാന സർക്കാരിലെ മറ്റ് ഉന്നതർക്കും ബന്ധമുണ്ട് എന്നാണ്. 2017 മുതൽ തന്നെ ഇതുപോലെയുള്ള രാജ്യദ്രോഹപരമായ കാര്യങ്ങൾ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ല. ശിവശങ്കർ മാത്രമല്ല പ്രതി എന്നുള്ളത് വ്യക്തമായിരിക്കുന്ന ഈ സന്ദർഭത്തിൽ മുഖ്യമന്ത്രി കൂടുതൽ കാര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി യു.എ.ഇ സന്ദർശിച്ചത്. ശിവശങ്കറിനൊപ്പം സ്വപ്‌നാ സുരേഷും അവിടെ ഉണ്ടായിരുന്നു എന്നതാണ് പുറത്തുവരുന്നത്. മൂന്നുതവണ ശിവശങ്കറുമൊന്നിച്ച് സ്വപ്നാ സുരേഷ് വിദേശയാത്ര നടത്തിയെന്നാണ് വിവരം. ഏത് സാഹചര്യത്തിലാണ് സർക്കാർ സ്വപ്നയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ ചർച്ചകൾക്കായി ഉൾപ്പെടുത്തിയതെന്നത് വ്യക്തമാക്കണം. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചർച്ചകളില്‍ എങ്ങനെയാണ് ഇവർ പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് ഇതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഗൾഫിൽ വെച്ച് മുഖ്യമന്ത്രിയും സ്വപ്‌നയും തമ്മിൽ കണ്ടിരുന്നോ ചർച്ച നടത്തിയിരുന്നോ എന്ന കാര്യങ്ങളും പുറത്തുവരേണ്ടതാണ്. ലൈഫ് പദ്ധതിയിൽ പോലും ഇത്തരക്കാരുടെ പങ്കാളിത്തവും നേതൃത്വവും ഉണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. സ്‌പേസ്പാർക്കിലെ സ്വപ്‌നയുടെ നിയമനം വിവാദമായപ്പോൾ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ എല്ലാം അവസാനിച്ചെന്നായിരുന്നു മുഖ്യമന്ത്രയുടെ വാദം. എന്നാൽ ഇപ്പോള്‍ ലൈഫ് പദ്ധതിയിൽ ഇവരുടെ പങ്ക് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രസന്‍റുമായി തയാറാക്കിയ എം.ഒ.യുവിന്‍റെ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും ഇതുവരെ നൽകാൻ തയാറായിട്ടില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത് മറച്ചുവെക്കുന്നതെന്ന് വ്യക്തമാക്കണം.
റെഡ് ക്രസന്‍റ് ഇന്ത്യയിൽ ഒരു പദ്ധതി നടപ്പാക്കുന്നുവെങ്കിൽ അത് മദർ ഏജൻസിയായ റെഡ് ക്രോസ് മുഖേനയാണ് നടപ്പാക്കേണ്ടത്. സാധാരണ നടപടി ക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാർ നേരിട്ട് എം.ഒ.യു ഒപ്പിട്ട് പദ്ധതി ആരംഭിക്കുകയാണ് ചെയ്തത്. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിപ്രദേശം യു.ഡി.എഫ് സംഘം സന്ദർശിച്ചു. ശക്തമായ ഒരു മഴ പെയ്താൽ പണി നടത്തിക്കൊണ്ടിരിക്കുന്ന കെട്ടിടം താഴെ പോകുന്ന അവസ്ഥയാണുള്ളത്. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആ റിപ്പോർട്ട് സർക്കാരിന് നൽകും. പ്രദേശത്തെ നിർമാണപ്രവർത്തനങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. സർക്കാർ പ്രഖ്യാപിച്ച ഏതെങ്കിലും പദ്ധതികൾക്ക് ഇതുവരെ വിദേശസഹായം ലഭ്യമായിട്ടുണ്ടോ ? ഉണ്ടെങ്കിൽ അതിന്‍റെ വിശദാംശങ്ങൾ എന്താണ് ? ഏത് ഏജൻസികൾ മുഖേനയാണ് ഫണ്ട് ലഭ്യമായിട്ടുള്ളത് ? സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നയതന്ത്ര ബാഗേജ് റിലീസ് ചെയ്യാൻ സ്‌റ്റേറ്റ് പ്രൊട്ടോകോൾ ഓഫീസറുടെ കത്ത് ആവശ്യമാണ്. എന്നാൽ ഒരു വർഷമായി നയതന്ത്ര പാക്കേജിന് അനുമതി നൽകിയിട്ടില്ലെന്നാണ് ചീഫ് പ്രൊട്ടോകോൾ ഓഫീസർ എൻഫോഴ്‌സ്‌മെന്‍റിനെ അറിയിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഒരു വർഷത്തിനിടെ നിരവധി തവണ സ്വർണം കടത്തിയെന്നാണ് മൊഴികൾ. അങ്ങനെയെങ്കിൽ ചീഫ് പ്രൊട്ടോകോൾ ഓഫീസർ എന്തുകൊണ്ട് ഇക്കാര്യം അറിഞ്ഞില്ല. നേരത്തെ ഉണ്ടായിരുന്ന പ്രൊട്ടോകോൾ ഓഫീസർ അതുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിച്ചെന്നാണ് സെക്രട്ടേറിയറ്റിൽ നിന്ന് മനസിലാകുന്നത്. ഇത് അന്വേഷണ ഏജൻസികളും സർക്കാരും പരിശോധിച്ച് വ്യക്തമാക്കേണ്ടതാണ്. കൃത്രിമരേഖകൾ ചമച്ചാണോ പാഴ്‌സലുകൾ റിലീസ് ചെയ്തത്. ആരാണ് ഇതിനെല്ലാം ഒത്താശ നൽകിയത്. നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. ശക്തമായ രാഷ്ട്രീയ പിൻബലം ഇല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കാനാവില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടെ ഓഫീസിന്‍റേയും ഭരണത്തിന്‍റെ തണലിലുമാണ് ഇത്രയും വലിയ തോതിലുള്ള അഴിമതിയും കള്ളക്കച്ചവടവും നടന്നതെന്ന കാര്യത്തിൽ സംശയമില്ല.
ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ പൊതുമേഖലാ സ്ഥാപനത്തിന്‍റെ വാഹനം ഉപയോഗിച്ച് ബാഗേജ് കൊണ്ടുപോയതിന് അനുമതി നൽകിയത് ആരാണ്. ചീഫ് പ്രൊട്ടോകോൾ ഓഫീസർ പറയുന്നത് കഴിഞ്ഞ ഒരു വർഷമായി ഒരു ബാഗേജിനും അനുമതി നൽകിയിട്ടില്ലെന്നാണ്. എങ്കിൽ ഇത്രയും വലിയ ബാഗേജുകൾ എങ്ങനെയാണ് മന്ത്രി ക്ലിയർ ചെയ്തത്. വ്യാജരേഖ ചമച്ചാണോ ഇത് ചെയ്തത്. ഇത്തരം ഗൗരവകരമായ ഒരു പ്രശ്‌നത്തിലാണ് മന്ത്രി ഇപ്പോൾ പരിഹാസരൂപേണ മറുപടി നൽകുന്നത്. കള്ളക്കടത്തിനും രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഈ സർക്കാർ ചീഞ്ഞുനാറുകയാണ്. സുഗന്ധദ്രവ്യങ്ങൾ പുരട്ടിയാലോ ചന്ദനത്തിരി കത്തിച്ചാലോ ഈ ദുർഗന്ധം മാറില്ല. അതുകൊണ്ടാണ് സർക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചത്. ഈ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു. ഇടതുപക്ഷ മുന്നണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചീഞ്ഞ സർക്കാരായി, ജനവിരുദ്ധ സർക്കാരായി പിണറായി വിജയൻ സർക്കാർ മാറിയിരിക്കുന്നു. വിവാദ സ്ത്രീയുമായി നേരിട്ട് ബന്ധമുള്ള സ്പീക്കർ, തന്‍റെ പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചിരിക്കുന്നു. അതുകൊണ്ടാണ് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ വകുപ്പിൽ എന്താണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഭൂരിപക്ഷം കോളേജിലും പ്രിൻസിപ്പൽമാരില്ല. ഇൻചാർജുകൾ മാത്രമാണുള്ളത്. രണ്ട് വർഷമായി സർക്കാർ ആർട്‌സ് ആന്‍റ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനം നടക്കുന്നില്ല. യോഗ്യതയുള്ളവർ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ഇഷ്ടക്കാരെ മാത്രം നിയമിക്കുന്നതിനാലാണ് പ്രിൻസിപ്പൽ നിയമനം നടക്കാത്തത്. സംവരണ തത്വങ്ങൾ പാലിച്ചിട്ടില്ല, ചട്ടവിരുദ്ധ നിയമനങ്ങൾ, യു.ജി.സിയുടെയും മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെയും നിർദേശങ്ങൾക്ക് വിരുദ്ധമായ നിയമനം ഇതെല്ലാമാണ് നടക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ചാൻസിലർ കൂടിയായ ഗവർണർക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഫേസ്ബുക്കിനെയും വാട്ട്‌സ് ആപ്പിനെയും നിയന്ത്രിക്കുന്നത് ബി.ജെ.പി എന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് എതിരാളികളെ തേജോവധം ചെയ്യാനും മതസ്പർദ്ധയും വർഗീയതയും വളർത്താനും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ബി.ജെ.പി ഗൂഢാലോചന നടത്തി എന്നത് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ജനാധിപത്യ സംവിധാനത്തെ തകർക്കാൻ ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ബോധപൂർവം ശ്രമിക്കുന്നു എന്ന വാർത്ത പുറത്തുവിട്ടത് വാൾസ്ട്രീറ്റ് ജനറലാണ്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും സഹായിക്കുകയാണ് ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ചെയ്യുന്നത്. ഇക്കാര്യത്തില്‍ സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെ.പി.സി അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/331907137945478