ഏതു കോടീശ്വരനാണ് ശില്പം വിറ്റതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗുരുതരമായ കളവും വില്പനയുമാണ് ശബരിമലയില്‍ നടന്നതെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണ്ണം മൂടിയ യഥാര്‍ത്ഥ ശില്പം ഉയര്‍ന്ന വിലയില്‍ വില്‍പ്പന നടത്തിയെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍, ശില്‍പം വിറ്റത് ആര്‍ക്കെന്ന് വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്. കളവ് നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും ദേവസ്വം ബോര്‍ഡ് അത് മറച്ചുവെച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനൊക്കെ കൂട്ടുനിന്ന ദേവസ്വംബോര്‍ഡിലെയും സര്‍ക്കാരിലെയും വമ്പന്മാര്‍ ഇതില്‍ കുടുങ്ങുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ കോടതി അടിവരയിട്ടിരിക്കുകയാണ്. ഏത് കോടീശ്വരന്റെ വീട്ടിലാണ് വിറ്റ ശില്പമെന്ന് സിപിഎം വെളിപ്പെടുത്തണം. സര്‍ക്കാരില്‍ കോടതിക്ക് വിശ്വാസമില്ലാത്തതിനാലാണ് കോടതി തന്നെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലാവലിന്‍ കേസില്‍ പിണറായിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ബാലിക്കെതിരെ പ്രതിഷേധം നടത്തിയവരാണ് ഇന്ന് മന്ത്രിമാരായി നിയമസഭയിലിരുന്ന് തങ്ങളെ ന്യായം പഠിപ്പിക്കാന്‍ വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ദേവസ്വം ബോര്‍ഡിന്റെയും ദേവസ്വം വകുപ്പിന്റെയും അനുമതിയോടെ ശബരിമലയിലെ ദ്വാരപാലകശില്പം കോടിക്കണക്കിന് രൂപയ്ക്ക് വിറ്റഴിച്ചിരിക്കുന്നു എന്ന് ഹൈക്കോടതി തന്നെ കണ്ടെത്തിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്.