എത്ര പേരെ അറസ്റ്റ് ചെയ്തു? യുപി സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടി സുപ്രീം കോടതി

Jaihind Webdesk
Thursday, October 7, 2021

Supreme-Court

ന്യൂഡല്‍ഹി : ലഖിംപുർ സംഘർഷത്തിൽ യുപി സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടി സുപ്രീം കോടതി. തൽസ്ഥിതി റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. എഫ്ഐആർ, പ്രതികൾ ആരെല്ലാം, അറസ്റ്റ് വിവരം എന്നിവ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

ലഖിംപുരില്‍ സംഘര്‍ഷത്തില്‍ 4 കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ച സംഭവത്തില്‍ എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കര്‍ഷകര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട എട്ടു പേരെക്കുറിച്ചുള്ള വിവരങ്ങളും നല്‍കണം. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ആര്‍ക്കൊക്കെ എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തുവെന്ന് അറിയിക്കണം. സംഭവത്തില്‍ എത്രപേരെ അറസ്റ്റ് ചെയ്തെന്നും കോടതി ചോദിച്ചു.

കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിന്‍റെ വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറി മരണങ്ങള്‍ക്കിടയാക്കിയതെന്ന് പരാതി ലഭിച്ചിട്ടും യുപി പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ ഉള്‍പ്പെട്ട സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് പൊലീസ് വരുത്തുന്ന വീഴ്ചയെക്കുറിച്ച് ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് വിഷയം പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.  രാഷ്ട്രപതിക്കും പരാതി പോയിട്ടുണ്ട്.