‘മോശം റോഡുകള്‍ കാരണം എത്ര പേർക്കാണ് ജീവന്‍ നഷ്ടമാകുന്നത്, പരിഹരിക്കണം’; കേരളത്തിലെ റോഡുകളുടെ അവസ്ഥയില്‍ രാഹുല്‍ ഗാന്ധി

തിരുവനന്തപുരം/കല്ലമ്പലം: കേരളത്തിലെ റോഡുകളുടെ അവസ്ഥയില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി. അശാസ്ത്രീയ നിർമ്മാണം കാരണമാണ് ഇത്രയധികം റോഡപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോശം റോഡ് കാരണം നിരവധി പേർക്കാണ് ജീവന്‍ നഷ്ടമാകുന്നത്. ആരെയും കുറ്റപ്പെടുത്തുകയല്ലെന്നും ഈ അവസ്ഥയ്ക്ക് പരിഹരിക്കാന്‍ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും രാഹുല്‍ ഗാന്ധി കല്ലമ്പലത്തെ ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തില്‍ പറഞ്ഞു.

“എനിക്ക് ഒരു പരാതിയുണ്ട്. അത് നിങ്ങളേക്കുറിച്ചല്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഈ പാതയോരങ്ങളിലൂടെ ഞാന്‍ സഞ്ചരിക്കുകയായിരുന്നു. അര മണിക്കൂർ ഇടവിട്ട് ആംബുലന്‍സുകള്‍ ചീറിപ്പായുന്നു. ഞാന്‍ വിചാരിച്ചു അലക്ഷ്യമായ ഡ്രൈവിംഗ് കാരണമായിരിക്കും  ഈ അപകടങ്ങളുണ്ടാവുക എന്ന്. എന്നാല്‍ റോഡിന്‍റെ നിർമാണത്തിലെ അപാകതയാണ് ഇതിന് പിന്നിലെന്ന് എനിക്ക് മനസിലായി. റോഡിന്‍റെ രൂപകല്‍പന അശാസ്ത്രീയമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ആരെയെങ്കിലും കുറ്റപ്പെടുത്താനല്ല, അനുഭവത്തില്‍ നിന്നാണ് ഇത് പറഞ്ഞത്. മോശം റോഡ് കാരണം എത്ര കുടുംബങ്ങളാണ് അനാഥമാകുന്നത്. ഇത് പരിഹരിക്കാന്‍ പ്രത്യേകം ശ്രദ്ധ സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകണം” – രാഹുല്‍ ഗാന്ധി പറഞ്ഞു.

Comments (0)
Add Comment