മുന്‍ ധനമന്ത്രി പി.ചിദംബരം കസ്റ്റഡിയില്‍ തുടരുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെയും അന്വേഷണ ഏജന്‍സിയെയും വിമര്‍ശിച്ച് മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിംഗ് രംഗത്തെത്തി. പി.ചിദംബരം കസ്റ്റഡിയില്‍ തുടരുന്നതിലെ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം കേസില്‍ നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കി.
ഒരു ഡസന്‍ ഉദ്യോഗസ്ഥര്‍ ഫയല്‍ പരിശോധിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്തതാണ്. അങ്ങനെ ഏകകണ്ഠമായ ശുപാര്‍ശയ്ക്ക് പിന്നീട് മന്ത്രി അംഗീകാരം നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് തെറ്റിയില്ലെങ്കില്‍ ശുപാര്‍ശ അംഗീകരിച്ച മന്ത്രി എങ്ങനെ കുറ്റം ചെയ്തതായി ആരോപിക്കുമെന്ന് മനസ്സിലായില്ലെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
പി ചിദംബരത്തിനെതിരെ ഉള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചോദ്യം ചെയ്ത മൻമോഹൻസിംഗ് നമ്മുടെ സർക്കാർ സംവിധാനത്തിൽ ഒരാളും ഒറ്റയ്ക്ക് അല്ല കൂട്ടായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും ചൂണ്ടിക്കാട്ടി. 6 സെക്രട്ടറിമാർ ഉൾപ്പെടെ ഒരു ഡസൻ ഓഫീസർമാർ പരിശോധിച്ച ഫയലിലാണ് അന്നത്തെ മന്ത്രിയായിരുന്ന പി ചിദംബരം ഒപ്പുവച്ചതെന്നും ഈ ഓഫീസർമാർ ആരും തെറ്റ് ചെയ്തിട്ടില്ലെങ്കിൽ, എങ്ങനെയാണ് ഇതിൽ ഒപ്പുവച്ച പി.ചിദംബരം മാത്രം തെറ്റുകാരൻ ആവുന്നത് എന്നും ചോദിച്ചു. ചിദംബരത്തിനെതിരായ കേസിൽ കോടതിയിൽ നിന്നും നീതി ലഭിക്കുമെന്നാണ് ഞങ്ങൾ ഓരോരുത്തരും വിശ്വസിക്കുന്നത് എന്നും ഡോക്ടർ മൻമോഹൻസിംഗ് അദ്ദേഹത്തിന് പ്രസ്താവനയിൽ പറയുന്നു.
മന്‍മോഹന്‍ സിംഗ് രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടൊപ്പം പി.ചിദംബരത്തെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
ഇവരുടെ സന്ദര്‍ശനം തനിക്കു ലഭിച്ച ആദരവായാണ് കാണുന്നതെന്നും തന്‍റെ പാര്‍ട്ടി ശക്തവും ധീരവുമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യവാനുമായിരിക്കുമെന്നും ചിദംബരം പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. ചിദംബരത്തിനുവേണ്ടി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളാണ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും അഹമ്മദ് പട്ടേലും ചിദംബരത്തെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.