75 കോടിയുടെ കരാർ 232 കോടി ആയതെങ്ങനെ? എഐ പദ്ധതി അടിമുടി ദുരൂഹം; പകല്‍ക്കൊള്ളയുടെ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

 

തൃശൂർ: സംസ്ഥാന സർക്കാരിന്‍റെ സേഫ് കേരള പദ്ധതിയിലെ അഴിമതി സംബന്ധിച്ച രേഖകൾ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടു. എഐ പദ്ധതിയുടെ പേരില്‍ റോഡുകളിൽ ക്യാമറ സ്ഥാപിക്കുന്നതിന് കെൽട്രോണും സ്വകാര്യ കമ്പനികളും ചേർന്ന് 75 കോടി രൂപക്ക് കരാർ ഉണ്ടായിരുന്നതായി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് 232 കോടി രൂപയായി മാറിയതിന് പിന്നിൽ വൻ കൊള്ള നടന്നതായി അദ്ദേഹം തൃശൂരിൽ ആരോപിച്ചു.

കെൽട്രോണും സ്വകാര്യ കമ്പനികളും ചേർന്നുള്ള കരാർ രേഖകളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. കെൽട്രോണിനെ സർക്കാർ പദ്ധതി ഏൽപ്പിച്ചപ്പോൾ ബംഗളുരു ആസ്ഥാനമായുള്ള എസ്ആർഐടിക്ക് (SRIT) അവർ കൈമാറി.
ഇക്കാര്യത്തിലെ ടെണ്ടർ നടപടികൾ അവ്യക്തമാണ്. 151.22 കോടിക്കായിരുന്നു ഈ കരാർ. എസ്ആർഐടി ഇത് വീണ്ടും രണ്ട് കമ്പനികൾക്ക് വീതിച്ചു കൊടുത്തു. തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റർ ലൈറ്റ്നിംഗ് ഇന്ത്യ ലിമിറ്റഡ് കോഴിക്കോട്ടെ പ്രിസാദിയോ എന്നീ കമ്പനികളെയാണ് ഏൽപ്പിച്ചത്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നും 30 ശതമാനം ലൈറ്റ് മാസ്റ്റർക്കും 60 ശതമാനം പ്രിസാദിയോയ്ക്കും കൊടുക്കാമെന്നും തീരുമാനമായി. എന്നാൽ ലൈറ്റ് മാസ്റ്റർ പദ്ധതിയിൽ നിന്ന് പിന്മാറിയതായി അറിയാൻ കഴിഞ്ഞു. ഇവ തട്ടിക്കൂട്ട് കമ്പനികളാണെന്ന് അറിയാൻ കഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാർ പ്രഖ്യാപന പ്രകാരം 232 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. 75 കോടിയിൽ നിന്ന് 232 കോടിയായത് എങ്ങനെയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകളെന്ന് ഇതിനെ പറയാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഎന്‍പിആർ (ANPR) ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷന്‍ സിസ്റ്റം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ സർക്കാർ തയാറായിട്ടില്ല.  അഴിമതി സംബന്ധിച്ചുള്ള എല്ലാ രേഖകളും കയ്യിലുണ്ട്. പദ്ധതിയുടെ എല്ലാ വിവരങ്ങളും സർക്കാർ പുറത്തുവിടണമെന്നും ഇല്ലെങ്കിൽ താൻ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Comments (0)
Add Comment