വാഷിംഗ്ടണ്‍ ഡി.സി: കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനും ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനും ദിവസങ്ങള്‍ക്ക് ശേഷം പാകിസ്ഥാന് 1 00 കോടി ഡോളര്‍ വായ്പ അനുവദിച്ച അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) നടപടിക്കെതിരെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം.
വെള്ളിയാഴ്ചയാണ് എക്‌സ്റ്റെന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇ.എഫ്.എഫ്) പ്രകാരം ഈ തുക അനുവദിച്ചത്. ഇതോടെ ഈ പദ്ധതിക്ക് കീഴില്‍ പാകിസ്ഥാന് ലഭിച്ച തുക 210 കോടി ഡോളറായി. കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ പാകിസ്ഥാനെ സഹായിക്കാനെന്ന പേരില്‍ റെസിലിയന്‍സ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ഫെസിലിറ്റി (ആര്‍.എസ്.എഫ്) പ്രകാരം 140 കോടി ഡോളറും ഐ.എം.എഫ് അനുവദിച്ചിട്ടുണ്ട്.
എന്നാല്‍, വായ്പാ പ്രഖ്യാപനത്തിന്റെ സമയം സംഘര്‍ഷ ലഘൂകരണ ശ്രമങ്ങളെ തുരങ്കം വെക്കുമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരും നയതന്ത്ര വിദഗ്ധരും മാത്രമല്ല, മേഖലയിലെയും പുറത്തുമുള്ള മറ്റ് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഐ.എം.എഫ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ‘ഇല്ല’ എന്ന് വോട്ട് ചെയ്യാന്‍ കഴിയുമെങ്കിലും, ഐ.എം.എഫ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ആ സൗകര്യമില്ല. അനുകൂലമായോ വിട്ടുനില്‍ക്കാനോ മാത്രമേ സാധിക്കൂ, ഔദ്യോഗികമായ തിരസ്‌കരണത്തിന് സംവിധാനമില്ല.
വിട്ടുനില്‍ക്കുന്നതിലൂടെ ഇന്ത്യ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ഔപചാരികമായ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. ഐ.എം.എഫിന്റെ നടപടിക്രമങ്ങളില്‍ ‘ സുരക്ഷാ മാനദണ്ഡങ്ങള്‍’ ഇല്ലെന്നും, ഐ.എം.എഫ് പോലുള്ള ബഹുമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള പണം സൈനിക അല്ലെങ്കില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വഴിമാറ്റി ചെലവഴിക്കാന്‍ സാധ്യതയുണ്ടെന്നും വോട്ടെടുപ്പിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ ആശങ്കകള്‍ മറ്റ് പല അംഗരാജ്യങ്ങളും പങ്കുവെക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അന്താരാഷ്ട്ര സമൂഹത്തിന്റെ യുക്തിയെ ചോദ്യം ചെയ്തു. ഇന്ത്യന്‍ നഗരങ്ങളിലെ ആക്രമണങ്ങള്‍ക്ക് ‘പാകിസ്ഥാന് പണം തിരികെ നല്‍കുന്ന’ ഐ.എം.എഫില്‍ നിന്ന് എങ്ങനെ സംഘര്‍ഷ ലഘൂകരണം പ്രതീക്ഷിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. അഫ്ഗാന്‍ മുന്‍ എം.പി മറിയം സൊലൈമാന്‍ഖില്‍, ഐ.എം.എഫ് ‘രക്തച്ചൊരിച്ചിലിനാണ് പണം നല്‍കുന്നതെന്ന്’ ആരോപിച്ചു. ‘ഐ.എം.എഫ് ഒരു സമ്പദ്വ്യവസ്ഥയെ രക്ഷിക്കുകയല്ല ചെയ്തത്, മറിച്ച് രക്തച്ചൊരിച്ചിലിന് പണം നല്‍കുകയാണ് ചെയ്തത്. ലോകം എത്രകാലം പാകിസ്ഥാന് കൊലപാതകങ്ങള്‍ക്ക് പണം നല്‍കും?’ അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.