കെ ഫോണ്‍ കേബിള്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരുക്കേറ്റ സംഭവം; ലോറി ഡ്രൈവർ കീഴടങ്ങി, ഒളിച്ചുകളി തുടർന്ന് പോലീസ്

Jaihind Webdesk
Monday, March 25, 2024

 

കൊല്ലം: കരുനാഗപ്പള്ളി തഴവയിൽ തടി ലോറി പൊട്ടിച്ച കെ ഫോൺ കേബിളിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരുക്കേറ്റ കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. കരുനാഗപ്പള്ളി സിഐക്ക് മുന്നിൽ ലോറിയുമായെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. അശ്രദ്ധയോടെ അപകടമുണ്ടാക്കുന്ന വിധത്തില്‍ വാഹനമോടിച്ചെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു. നാട്ടുകാർ ലോറി തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിച്ചിട്ടും 27 മണിക്കൂറിന് ശേഷമാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സന്ധ്യയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റി. സംഭവത്തിൽ ഗൗരവകരമായി നടപടിയെടുക്കുന്നതിൽ പോലീസ് അനാസ്ഥ കാട്ടുന്നുവെന്ന ആരോപണം ഉയർന്നിരിക്കുകയാണ്.