അമ്പലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ തനിച്ചു താമസിക്കുകയായിരുന്ന വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡ് തോട്ടപ്പള്ളി ഒറ്റപ്പന പള്ളിക്ക് സമീപം ചെമ്പകപ്പള്ളില്‍ റംലത്ത് (58) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ 10 മണിയോടെ റംലത്തിന്റെ പെന്‍ഷന്‍ കാര്യത്തിനായി തോട്ടപ്പള്ളി മുസ്ലീം ജമാഅത്തില്‍ നിന്നുള്ള ജീവനക്കാരനായ അബൂബക്കര്‍ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുന്നതിനാല്‍ തിരികെ പോയിരുന്നു.
വൈകുന്നേരം റംലത്തിന്റെ തൊട്ടടുത്ത ബന്ധുക്കളായ സ്ത്രീകള്‍ വീട്ടിലെത്തിയപ്പോഴും മുന്‍വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍, അടുക്കള ഭാഗത്തെ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അകത്തു കയറി നോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നെന്നും കണ്ടെത്തി.
സംഭവം അറിഞ്ഞ് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തില്‍ ഉണ്ടായിരുന്ന മാലയും വളകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന സംശയത്തിന് ബലം നല്‍കുന്നു. സമീപത്തെ ഒരു വീട്ടില്‍ ജോലിക്ക് പോയാണ് റംലത്ത് കഴിഞ്ഞിരുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി.