രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍; ജിരിബാമില്‍ വെടിവെപ്പ്, രണ്ടു പേർ അറസ്റ്റില്‍

Jaihind Webdesk
Monday, July 8, 2024

 

ഇംഫാല്‍: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സന്ദർശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മണിപ്പൂരില്‍ വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകള്‍. രാഹുല്‍ ഗാന്ധി സന്ദർശനത്തിനെത്തുന്ന സംഘർഷബാധിത ജില്ലയായ ജിരിബാമിലാണ് തോക്കുധാരികള്‍ വെടിയുതിർത്തത്.

തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ അയൽ മലയോര ജില്ലയായ തമംഗ് ലോംഗിലെ ഫൈറ്റോളിൽ നിന്ന് ഗുലാർത്തോളിലേക്ക് തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കണ്ടെടുക്കുകയും കുകി വിഭാഗത്തിലെ രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജിരിബാം പോലീസ് സൂപ്രണ്ട് പ്രദീപ് സിംഗ് അറിയിച്ചു. അസമിലെ കച്ചാർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെറിയ ജില്ലയാണ് ജിരിബാം. ഇവിടെയാണ് രാഹുല്‍ ഗാന്ധി ആദ്യം എത്തുന്നത്. തുടർന്ന് മണിപ്പൂരിലെ ചുരാചന്ദ്പൂർ, ബിഷ്ണുപുർ ജില്ലകളും രാഹുല്‍ ഗാന്ധി സന്ദർശിക്കും. വൈകിട്ട് 5.30 ന് മണിപ്പുർ ഗവർണറുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം പിസിസി ഓഫീസിൽ മാധ്യമങ്ങളെ കാണും.

ഇക്കഴിഞ്ഞ ജൂൺ 6 ന് മെയ്തേ വിഭാഗത്തിലെ സോയിബാം ശരത്കുമാർ സിംഗിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് ജിരിബാമിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. അതിനെത്തുടർന്ന്, ജിരിബാം പട്ടണത്തിലും പരിസരത്തുമുള്ള കുകി വിഭാഗത്തിലുള്ളവരുടെ വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു. പ്രദേശത്ത് ന്യൂനപക്ഷമായ ആയിരത്തിലധികം കുകികൾ കുടിയിറക്കപ്പെട്ടു. ഇതിന്‍റെ തിരിച്ചടിയെന്നോണം കുകി വിഭാഗം കൂടുതലുള്ള ബോറോബെക്ര ഡിവിഷനിലെ മെയ്തെ കുടുംബങ്ങളുടെ വീടുകൾക്ക് തീവെച്ചിരുന്നു. ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇവർ ഇപ്പോൾ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.