പാറശ്ശാലയില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ശസ്ത്രക്രിയ ഫോണില്‍ പകര്‍ത്തിയ താല്‍ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഓപ്പറേഷന്‍ തിയേറ്ററില്‍ നടന്ന സര്‍ജറി താല്‍ക്കാലിക ജീവനക്കാരനായ അരുണ്‍ മൊബൈലില്‍ പകര്‍ത്തുന്നത് ഡ്യൂട്ടി ഡോക്ടറുടെയും മറ്റു ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ വിവരം സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയിലാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. തുടര്‍ന്ന് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 30 ദിവസത്തേക്ക് അനസ്‌തേഷ്യ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനുമുമ്പും ഇയാളെ സമാന കുറ്റത്തിന് ശിക്ഷിച്ചിരുന്നു.
എന്നാല്‍ വീഡിയോ കോള്‍ ആണെന്നാണ് അരുണിന്റെ വിശദീകരണം. താന്‍ ആശുപത്രിയില്‍ തന്നെ ഉണ്ട് എന്ന് വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി വീഡിയോ കോള്‍ വിളിച്ചതെന്നായിരുന്നു അരുണിന്റെ വാദം. ഗുരുതരമായ കുറ്റം കയ്യോടെ കണ്ടെത്തിയിട്ടും ജീവനക്കാരനെതിരെ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് മാത്രം ഒതുക്കിയെന്നും ആരോപണമുണ്ട്.
ഓപ്പറേഷന്‍ തിയേറ്ററില്‍ നടന്ന ശസ്ത്രക്രിയ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ താല്‍ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.