രാഹുല്‍ ഗാന്ധി നല്‍കിയ 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ തിരിച്ചയച്ചു; വണ്ടൂർ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം

 

മലപ്പുറം: രാഹുൽ ഗാന്ധി എംപി നൽകിയ മെഡിക്കൽ ഉപകരണങ്ങൾ മടക്കി അയച്ചുവെന്ന് പരാതി. വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് നൽകിയ ഡയാലിസിസ് ഉപകരണങ്ങളാണ് ആശുപത്രി മെഡിക്കൽ ഓഫീസറും ജീവനക്കാരും ചേർന്ന് മടക്കി അയച്ചത്. സംഭവത്തിൽ ആശുപത്രി മെഡിക്കൽ ഓഫീസർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ.പി അനിൽ കുമാർ എംഎൽഎ ആവശ്യപ്പെട്ടു.

വണ്ടൂർ താലൂക്കാശുപത്രിയിൽ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് സെന്‍ററിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 50 ലക്ഷം രൂപയുടെ ഉപകരണങ്ങളടങ്ങിയ കണ്ടെയ്നർ ആശുപത്രി മെഡിക്കൽ ഓഫീസർ തിരിച്ചയച്ചു എന്നാണ് പരാതി ഉയർന്നിട്ടുള്ളത്. കഴിഞ്ഞ വ്യാഴ്ചയാണ് രാഹുൽ ഗാന്ധി കെഎംഎസ്‌സിഎൽ (KMSCL) വഴി താലൂക്കാശുപത്രിയിലേക്കയച്ച ഡയാലിസിസ് കേന്ദ്രത്തിലേക്കാവശ്യമായ ഉപകരണങ്ങൾ അടങ്ങിയ കണ്ടെയ്നർ, മെഡിക്കൽ ഓഫീസർ
തിരികെ അയച്ച സംഭവമുണ്ടായത്. ഡയാലിസിസ് കേന്ദ്രം ആരംഭിക്കാൻ വേണ്ട സൗകര്യങ്ങളില്ലെന്ന് പറഞ്ഞായിരുന്നു മെഡിക്കൽ ഓഫീസറുടെ നടപടി.

എന്നാൽ സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ജനങ്ങളുടെ ദീർഘ നാളത്തെ ആവശ്യമായിരുന്നു താലൂക്ക് ആശുപത്രിയിൽ ഡയലിസിസ് യൂണിറ്റ് തുടങ്ങുക എന്നതെന്ന് എ.പി അനിൽ കുമാർ എംഎല്‍എ പറഞ്ഞു. ഉപകരണങ്ങൾ സ്വീകരിക്കാതെ അവ മെഡിക്കൽ ഓഫീസർ തിരികെ അയച്ചിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിച്ച്, വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്ന് എ.പി അനിൽ കുമാർ ആവശ്യപ്പെട്ടു. ആശുപത്രിയിലെ ചില ഉദ്യോഗസ്ഥരാണ് സംഭവങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഉപകരണങ്ങൾ അടങ്ങിയ കണ്ടെയ്നർ തിരികെഅയച്ച സംഭവമറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എ മുബാറക്ക് കെഎംഎസ്‌സിഎൽ അധികൃതരുമായി ബന്ധപ്പെട്ട് കണ്ടെയ്നർ മടങ്ങിപ്പോകുന്നത് തൽക്കാലം തടയുകയായിരുന്നു. ഇതോടെ കണ്ടെയ്നർ വടകര ഭാഗത്ത് ഹൈവേയിൽ കിടക്കുകയാണ്. എംഎൽഎയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നതിനായി അടിസ്ഥാന നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അതിനിടെ മെഡിക്കൽ ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് എച്ച്എംസി (HMC) അംഗങ്ങൾ രംഗത്തെത്തി.

വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറുടെ നടപടി ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ ഓഫീസറെ മുറിയിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചു. പിന്നീട് കൂടുതൽ പോലീസെത്തിയാണ് പ്രതിഷേധകാരെ മാറ്റിയത്. സംഭവത്തിൽ ആശുപത്രി മെഡിക്കൽ ഓഫീസർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സർക്കാർ നടപടി സ്വീകരിക്കണമെന്നും യൂത്ത്കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ
Comments (0)
Add Comment