യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ തിരുസ്മരണകളുമായി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഓശാന പെരുന്നാള്‍ ആചരിക്കുകയാണ്. വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടന്നു.
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ്മ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന്റെ തുടക്കമായ ഓശാന ഞായര്‍ ദിനത്തില്‍ വിവിധ പള്ളികളില്‍ വിശ്വാസികളെത്തി. പ്രത്യേക തിരുക്കര്‍മങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ദിവ്യബലിയും തുടരുകയാണ്.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ്‌സ് മെട്രോ പൊളിറ്റന്‍ കത്തീഡ്രലില്‍ പുലര്‍ച്ചെ ദിവ്യബലിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലത്തീന്‍ അതിരൂപതാ മെത്രാന്‍ തോമസ് ജെ നെറ്റോ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.
കൊച്ചിയില്‍ സീറോ മലബാര്‍ സഭ ആസ്ഥാനത്ത് നടന്ന ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നേതൃത്വം നല്‍കി. തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ രാവിലെ 6.30നാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയും നടന്നു.
ആലപ്പുഴ കിഴക്കേ മിത്രക്കരി ഹോളീഫാമിലി തിരുകുടുംബ ദേവാലയത്തിലും ഓശാന ഞാറാഴ്ച തിരുകര്‍മ്മങ്ങള്‍ നടന്നു. ഫാ. ലിജോ കുഴിപ്പള്ളിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ ഭക്തിപൂര്‍വ്വം ഓശാന കൊണ്ടാടി. ഭക്തജനങ്ങള്‍ക്ക് കുരുത്തോല വിതരണവും കല്‍കുരിശു ചുറ്റിയുള്ള പ്രദക്ഷിണവും തുടര്‍ന്ന് ഓശാന ഞായര്‍ സന്ദേശവും വി.കുര്‍ബാന അര്‍പ്പണവും കഴിഞ്ഞാണ് വിശ്വാസികള്‍ മടങ്ങിയത്
കോട്ടയത്ത് വിവിധ ദേവാലയങ്ങൾ ഓശാന ഞായർ ശുശ്രൂഷകൾ നടന്നു.. കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.. കോട്ടയം മണർകാട് സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ നടന്ന ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമ്മികത്വം വഹിച്ചു.. ചങ്ങനാശ്ശേരി സെൻ്റ്.മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യകാർമ്മികത്വം വഹിച്ചു..
.