ചൈനീസ് അധിനിവേശം ഇന്ത്യ ദുർബലപ്പെട്ടതിന്‍റെ ഉദാഹരണം; ഇന്ന് രാജ്യം ഭരിക്കുന്നവര്‍ വിദ്വേഷം പരത്തുന്നു: രാഹുല്‍ ഗാന്ധി

ആലപ്പുഴ/അരൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ബിജെപി നേതാക്കൾ പടർത്തിയ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അടയാളം ഇന്ന് രാജ്യത്ത് കാണുന്നു. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോള്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളായ വന്‍കിട കോർപറേറ്റുകള്‍ക്ക് എല്ലാ വിധ സഹായവും ചെയ്തുകൊടുക്കുകയാണ്. ഇന്ത്യ ദുർബലപ്പെട്ടതിന്‍റെ ഉദാഹരണമാണ് ചൈനീസ് അധിനിവേശം. ഐക്യത്തിന്‍റെ ആശയമാണ് യാത്രയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ ജില്ലയിലെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാജ്യത്തെ നയിക്കുന്നവർ വിദ്വേഷം പകർത്തുന്നവരാണ്. എളിമയോടെ അവർ സംസാരിക്കില്ല. ക്രോധത്തോടെ സംസാരിക്കുന്ന ഭരണാധികാരികൾ വിദ്വേഷം പടർത്തുകയാണ്. ഐക്യത്തിന്‍റെ  ആശയമാണ് യാത്ര. ആരെയും ആക്ഷേപിക്കാനും അവഹേളിക്കാനുമല്ല. വൻകിട കോർപ്പറേറ്റുകൾ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കൾ. അവർക്ക് എല്ലാ സഹായവും പ്രധാനമന്ത്രി ചെയ്ത് കൊടുക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി ഭാരതത്തിന്‍റെ ഭൂമി ചൈന കൈവശപ്പെടുത്തി. ഇന്ത്യ ദുർബലപ്പെട്ടത്തിന്‍റെ ഉദാഹരണമാണ് ചൈനീസ് അധിനിവേശമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർക്ക് പോലും തൊഴിൽ ലഭിക്കാത്ത സാഹചര്യമാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും ഭരണകൂടത്തിന് ഒരു പ്രശ്നമേയല്ല. രാജ്യത്തെ നയിക്കുന്നവർ വിദ്വേഷം പടർത്തുന്നവരാണ്. വിദ്വേഷവും പകയും നിറഞ്ഞ രാജ്യത്തിന് നിലനിൽപ്പ് ഉണ്ടാവുകയില്ല. രാജ്യത്തെ എല്ലാ മേഖലകളും നിയന്ത്രിക്കുന്നത് സർക്കാരുമായി അടുപ്പമുള്ള രണ്ടോ മൂന്നോ സമ്പന്നർ മാത്രമാണ്. രാജ്യത്തെ വാണിജ്യമേഖല പൂർണമായും അവരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. സാമൂഹിക പരിഷ്കർത്താക്കളായ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മ അയ്യങ്കാളിയും മുന്നോട്ടുവെച്ച സന്ദേശങ്ങളാണ് കേരളത്തിലെ ഒരുമയുടെ അടിസ്ഥാനമെന്നും അതുതന്നെയാണ് ജോഡോ യാത്രയും മുന്നോട്ടുവെക്കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment