കൊവിഡിനിടയിലെ കടിഞ്ഞാണ്‍ കൈവിട്ട കളി ; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ട മത്സരം ; സംഭവം പാലക്കാട്

Jaihind Webdesk
Saturday, April 24, 2021

പാലക്കാട് : കൊവിഡ് ഭീതിയില്‍ സംസ്ഥാനം തുടരുന്നതിനിടെ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തി കുതിരയോട്ടം സംഘടിപ്പിച്ചു. തത്തമംഗലം അങ്ങാടി വേലയോട് അനുബന്ധിച്ചാണ് 54 കുതിരകളെ പങ്കെടുപ്പിച്ചുകൊണ്ട് മത്സരം നടത്തിയത്. കാണാനായി കാഴ്ചക്കാരും തടിച്ചുകൂടി. പൊലീസ് സംഘാടകർക്കെതിരെ കേസെടുത്തു.

മത്സരത്തിനിടെ ഒരു കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. കുതിരപ്പുറത്തുണ്ടായിരുന്ന ആള്‍ക്ക് വീഴ്ചയില്‍ പരിക്കേറ്റു. രണ്ടുവര്‍ഷത്തിലൊരിക്കലാണ് അങ്ങാടി വേല നടക്കാറുളളത്. ഉത്സവത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം നടത്തുന്നതിനായാണ് സംഘാടകര്‍ പോലീസിനോടും നഗരസഭയോടും അനുമതി തേടിയിരുന്നത്. ചടങ്ങുകള്‍ക്ക് അനുമതി ലഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സംഘാടകര്‍ വേലയോട് അനുബന്ധിച്ചുളള കുതിരയോട്ടം സംഘടിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് മത്സരം നിർത്തിക്കുകയും സംഘാടകർക്കെതിരെ കേസെടുക്കുകയുമായിരുന്നു. റോഡിന് ഇരുവശത്തുമായി തിങ്ങിനിറഞ്ഞ ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടിവന്നു.

ഭീതിജനകമായ സാഹചര്യമാണ് കൊവിഡ് കുതിപ്പില്‍ രാജ്യത്തും സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത്. കൊവിഡ് കുതിപ്പിന് തടയിടാനായി കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കാഴ്ചക്കാരെ അണിനിരത്തിക്കൊണ്ട് കുതിരയോട്ട മത്സരം സംഘടിപ്പിച്ചത്.