സേവന വേതന പരിഷ്‌ക്കരണ മുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 34 -ാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തുതീര്‍പ്പാക്കുവാന്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്നാവശ്യം പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ശക്തമാക്കിയിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലമായ ഒരു നിലപാട് ഇനിയും എടുത്തിട്ടില്ല. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ കഴിയും തോറും സമരക്കാരുടെ വീര്യം കുറയുമെന്നും സമരം നിര്‍ത്തി പൊയ്‌ക്കോളും എന്നും ആണെങ്കില്‍ അവിടെയാണ് സര്‍ക്കാരിന് തെറ്റിയത്. ദുര്‍ബലരെന്ന് കരുതിയവര്‍ ഓരോ ദിനം കഴിയും തോറും ആളി പടര്‍ത്തുകയാണ് അവരുടെ സമരം. ഇപ്പോഴും നിലപാട് എടുക്കേണ്ടവര്‍ പരസ്പരം പഴിചാരി തള്ളി നീക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പിണറായി സര്‍ക്കാരും വേണ്ടുന്ന നിലപാട് എടുത്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരും വാദിക്കുമ്പോള്‍ പെട്ട് പോകുന്നത് കുറച്ചധികം മനുഷ്യരുടെ ജീവിതങ്ങളാണ്. നിയമസഭ സമ്മേളനത്തില്‍ ഉള്‍പ്പെടെ ആശമാരുടെ വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചിട്ടും അവതരണാനുമതി നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്തായാലും അനുകൂലമായ തീരുമാനം എടുക്കുന്നതു വരെ സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം.