അനിശ്ചിതകാല രാപകൽ സമരത്തിന്റെ 85-ാം നാൾ സമരവേദിയിൽ ആശമാർ പച്ചക്കറി വിത്ത് നട്ടു. മെയ് 5 ന് കാസർഗോഡ് നിന്നാരംഭിച്ച രാപകൽ സമരയാത്ര തിരുവനന്തപുരത്തെത്തുമ്പോൾ പച്ചക്കറികൾ വിളവെടുക്കും.
ആശമാർ സ്വന്തം വീടുകളിൽ നിന്നും കടയിൽ നിന്ന് വാങ്ങിയതുമായ വിത്തുകളാണ് നട്ടത്. ചുവന്ന ചീര,വെള്ള ചീര,വെണ്ടക്ക,പാവക്ക,പയർ തുടങ്ങിയ വിത്തുകളാണ് നടത്തത്. പച്ചക്കറി കൃഷിക്കൊപ്പം ചെറിയൊരു പൂന്തോട്ടവും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആശമാർ.
സമരവേദിയാണ് ആശമാരുടെ ഇപ്പോഴെത്തെ വീട്. ഇവിടെ കൂട്ടായി ചേർന്ന് പച്ചക്കറി നടുന്നതും പുന്തോട്ടമൊരുക്കുന്നതും സമരത്തിന് കൂടുതൽ ഊർജമാണ് നൽകുന്നത്. അതിജീവന സമരത്തിൻ്റെ പ്രത്യാശയായി ഇത് മാറും. രാപകൽ സമരയാത്ര കേരളമെമ്പാടും വളരുന്നതോടൊപ്പം ഈ പച്ചക്കറികളും കരുത്തോടെ സമരവേദിയിൽ വളരും. – കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു.
അമേരിക്കൻ മലയാളി സമരത്തിന് നൽകിയ സംഭാവന തിരുവനന്തപുരം നഗരസഭ കൗൺസിലർ പൊന്നമംഗലം ഗോപൻ സമരസമിതിക്ക് കൈമാറി.സമരവേദിയിൽ പിന്തുണയുമായി നിർമാണ തൊഴിലാളി ട്രേയ്ഡ് യൂണിയൻ ഐക്യസമിതി സംസ്ഥാന ഭാരവാഹികളായ ടി.ടി പൗലോസ്,വിശ്വകല തങ്കപ്പൻ, സതീഷ്കുമാർ,ടി സി സുബ്രഹ്മണ്യൻ,ബി രാമചന്ദ്രൻ,വി.രാധാകൃഷ്ണൻ,കെ.സത്യനാരായണൻ, വി.റ്റി ഡൊമിനിക് എന്നിവർ എത്തി.