‘സത്യപ്രതിജ്ഞയ്ക്കു മുമ്പേ 24 ലക്ഷം വിദ്യാർത്ഥികളുടെ പ്രതീക്ഷ തകർത്തു’; നീറ്റില്‍ മോദിക്കെതിരെ രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, June 9, 2024

 

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ നീറ്റ് വിഷയം ഉയർത്തി രാഹുൽ ഗാന്ധി. സത്യപ്രതിജ്ഞ ചെയ്യും മുമ്പുതന്നെ മോദി 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും കുടുംബങ്ങളുടെയും പ്രതീക്ഷകള്‍ തകർത്തെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ക്രമക്കേട് വ്യക്തമായിട്ടും പേപ്പർ ചോർച്ച ആരോപണം സർക്കാർ നിഷേധിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.

 

അതേസമയം നീറ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും. മികച്ച മാർക്ക് നേടിയിട്ടും തുടർപഠനത്തിലെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണം ആരംഭിക്കുന്നതിനോടൊപ്പം പുനർ മൂല്യനിർണയം അല്ലെങ്കിൽ വീണ്ടും പരീക്ഷ നടത്തണം എന്നുള്ള ആവശ്യവും ഉയർന്നിരിക്കുകയാണ്. ഒന്നാം റാങ്കുകാരുടെ എണ്ണം കൂടാൻ കാരണം ഗ്രേസ്മാർക്ക് നൽകിയതിനാലെന്ന് ഇന്നലെ എൻടിഎ വിശദീകരണം നൽകിയിരുന്നു. ഗ്രേസ് മാർക്കിലൂടെ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയവർ ഉയർന്ന മാർക്കു വാങ്ങിയ നൂറുകണക്കിന് വിദ്യാർത്ഥികളുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത്. അനധികൃത ഗ്രേസ് മാർക്കിനെതിരെ സർക്കാർ ഇടപെടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

കഴിഞ്ഞതവണ രണ്ടുപേർക്കായിരുന്നു മുഴുവൻ മാർക്ക് ലഭിച്ചത് എന്നാൽ ഇത്തവണ അത് 67 ആയി വർധിച്ചു. ഇതിൽ ഏഴു പേർ ഒരേ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചവരാണ് എന്നതും അസ്വാഭാവികത വർധിപ്പിച്ചു . ഇതാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചോദ്യം ചെയ്യുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഇല്ലാതാക്കി കൃത്യമായ രീതിയിൽ പഠന മികവിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കു തന്നെ തുടർ പഠനം സാധ്യമാക്കണം എന്നതാണ് വിദ്യാർത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യം. 23 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ കേരളത്തിൽ നിന്നുമാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സർക്കാർ-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500 ൽ താഴെ മാത്രം.

പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവർക്ക് മുന്നിൽ വലിയ ചോദ്യ ചിഹ്നമായി നിലനിൽക്കുകയാണ്. പുനർ മൂല്യനിർണയം അല്ലെങ്കിൽ വീണ്ടും പരീക്ഷ നടത്തണം എന്നുള്ളതാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. ഒപ്പം ഗ്രേസ് മാർക്കിന് മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. ഗ്രേസ് മാർക്കിന്‍റെ മാനദണ്ഡം സംബന്ധിച്ച് എൻടിഎ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. നീറ്റിന്‍റെ പ്രോസ്പെക്റ്റസിൽ ഗ്രേസ് മാർക്ക് സംബന്ധിച്ച് വിവരങ്ങളില്ലെന്നും വിദ്യാർഥികൾ പറയുന്നു. പരാതികൾ ഉയർന്നതിന്‍റെ പശ്ചാത്തലത്തിൽ ഗ്രേസ് മാർക്ക് പുനഃപരിശോധിക്കാൻ സമിതി രൂപീകരിച്ചെന്നും പരാതികൾ പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.