ഷില്ലോംഗ്: രാജ്യത്തെ ഞെട്ടിച്ച ‘ഹണിമൂണ്‍ കൊലപാതക’ കേസില്‍ മേഘാലയ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇന്‍ഡോറിലെ വ്യവസായിയായ രാജ രഘുവംശിയെ ഭാര്യ സോനത്തിന്റെ സാന്നിധ്യത്തില്‍ കൊലപ്പെടുത്തിയെന്ന് 790 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഭാര്യ സോനം, കാമുകന്‍ രാജ് കുശ്വാഹ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പ്രതികള്‍. ഇരുവരുമാണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരകര്‍.
മെയ് 23-നാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള രാജ രഘുവംശിയെയും ഭാര്യ സോനത്തെയും മേഘാലയയിലെ സൊഹ്റയില്‍ വെച്ച് കാണാതായത്. ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഇരുവരെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജൂണ്‍ രണ്ടിന് പ്രദേശത്തെ ഒരു മലയിടുക്കില്‍ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തി.
ആദ്യഘട്ടത്തില്‍ പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. എന്നാല്‍, അന്വേഷണത്തില്‍ വഴിത്തിരിവായത് ടൂറിസ്റ്റ് ഗൈഡ് ആല്‍ബര്‍ട്ടിന്റെ മൊഴിയാണ്. കാണാതായ ദിവസം രാജയും സോനവും മൂന്ന് പേര്‍ക്കൊപ്പം ഉണ്ടായിരുന്നെന്ന് ആല്‍ബര്‍ട്ട് പൊലീസിനോട് വെളിപ്പെടുത്തി. അവര്‍ ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുറത്തുനിന്നുള്ളവരിലേക്ക് നീങ്ങി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ രാജയുടെയും സോനത്തിന്റെയും സ്വദേശമായ ഇന്‍ഡോറില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന് പണം നല്‍കിയത് രാജയുടെ ഭാര്യ സോനം തന്നെയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇതിനുപിന്നാലെ, സോനം ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.