മധുവധക്കേസ്; 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും പിഴയും

Jaihind Webdesk
Wednesday, April 5, 2023

പാലക്കാട്/ മണ്ണാര്‍ക്കാട് : ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി / എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്.  ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണം.

അതേസമയം 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ ബലപ്രയോഗം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇത്രയും നാൾ കേസിൽ മുനീർ ജയിലിൽ ആയിരുന്നു. അതിനാൽ അഞ്ഞൂറ് രൂപ പിഴ അടച്ച് ഇയാൾക്ക് പോകാം. അതേസമയം കൂറ് മാറിയ സാക്ഷികൾക്ക് എതിരെ നടപടിക്ക് കോടതി നിർദേശം നൽകി. 24 സാക്ഷികളാണ് കൂറുമാറിയത്.

ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അനിൽകുമാർ, ആനന്ദന്, മെഹറുന്നീസ, മയ്യൻ, മുരുകൻ, മരുതൻ, സൈതലവി, സുനിൽകുമാർ, മനാഫ്, രഞ്ജിത്, മണികണ്ഠൻ, അനൂപ്‌, അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് കൂറുമാറിയ സാക്ഷികൾ.

16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് ഇന്നലെ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വധിച്ചിരുന്നു. രണ്ട് പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.