2018 ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിനെത്തിയ പത്താംതലമുറ സിവിക് ഒരു വർഷം പിന്നിടുമ്ബോഴാണ് നിരത്തിലേക്ക് എത്തുന്നത്. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വാഹനങ്ങളിലൊന്നെന്ന ഖ്യാതിയുള്ള സിവിക് ഓരോ വരവിലും വലിയ മാറ്റങ്ങളോടെയാണ് എത്തിയിട്ടുള്ളത്. നൂറിൽ അധികം രാജ്യങ്ങളിലായി 25 മില്ല്യൺ സിവിക് പുറത്തിറക്കിയിട്ടുണ്ടെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.
പതിവ് പോലെ കാഴ്ചയിൽ ഏറെ ആകർഷകമായാണ് പത്താംതലമുറ സിവികും എത്തുന്നത്. മുൻവശത്തെ പിയാനോ ബ്ലാക്ക് ഗ്രിൽ, എൽഇഡി ഹെഡ്ലൈറ്റ് ആൻഡ് ഡിആർഎൽ, ക്രോമിയം ആവരണം നൽകിയിരിക്കുന്ന ഫോഗ് ലാമ്ബ് എന്നിവയും പിൻഭാഗത്തെ സി-ഷേപ്പ് എൽഇഡി ടെയ്ൽ ലാമ്ബ്, ക്യാറക്ടർ ലൈനും സ്കിഡ് പ്ലേറ്റും നൽകിയിട്ടുള്ള ബമ്ബർ തുടങ്ങിയവയുമാണ് പ്രത്യേകത്.
7.0 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയും ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയുമുള്ള സ്മാർട്ട്ഫോൺ കണക്ടിവിറ്റി, ലെതർ ഫിനീഷിങ് ഇന്റീരിയർ, ലെതർ ആവരണം നൽകിയിട്ടുള്ള മൾട്ടി പർപ്പസ് സ്റ്റീയറിങ് എന്നിവ സിവികിലെ പുതുമയാണ്. എന്നാൽ, ഇന്റീരിയറിന്റെ ഡിസൈനിൽ കാര്യമായ മാറ്റംവരുത്തിയിട്ടില്ലെന്നാണ് സൂചന.
രണ്ട് എൻജിൻ പതിപ്പുകൾ ഹോണ്ട സിവിക്കിൽ പ്രതീക്ഷിക്കാം. ഒന്ന്, 1.8 ലിറ്റർ ഐ.വി.ടെക് പെട്രോൾ എൻജിനും മറ്റൊന്ന് 1.6 ലിറ്റർ ഐ.ഡി.ടെക് ഡീസൽ എൻജിനും. പെട്രോൾ എൻജിന് 138 ബി.എച്ച്.പി. കരുത്തും 176 എൻ.എം. ടോർക്കും സൃഷ്ടിക്കാനാവും. ഡീസൽ എൻജിൻ 118 ബി.എച്ച്.പി. കരുത്തും 300 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക.