പത്മശ്രീ സി.കെ മേനോന് ജൻമനാടിന്‍റെ യാത്രാമൊഴി

Jaihind News Bureau
Wednesday, October 2, 2019

ഇന്നലെ അന്തരിച്ച പ്രമുഖ വ്യവസായി പത്മശ്രീ സി.കെ മേനോന് ജന്മനാടിന്‍റെ യാത്രാമൊഴി. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടന്നു.

പാറമേക്കാവ് ശാന്തിഘട്ടിൽ പോലീസ് സേനാംഗങ്ങൾ രാജ്യം പത്മശ്രീ നൽകി ആദരിച്ച മനുഷ്യ സ്നേഹിക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചു. മകൻ ജയകൃഷ്ണൻ മേനോനും പേരക്കുട്ടികളും അന്ത്യകർമങ്ങൾ നിർവഹിച്ചു.

നേരത്തെ തൃശൂർ പാട്ടുരായ്ക്കലിലെ തറവാട് വീടിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ദേഹത്തിൽ സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള നൂറുകണക്കിന് പേരാണ് അന്തിമോപചാരം അർപ്പിച്ചത്. മുൻ മന്ത്രിമാരായ എം എം ഹസനും കെ സി ജോസഫും ആദ്യാവസാനം ഒപ്പമുണ്ടായിരുന്നു. മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, ടി.എൻ പ്രതാപൻ എം പി തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു.