ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് ക്രിമിനൽ കുറ്റം, മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം: എൻ.കെ. പ്രേമചന്ദ്രൻ

Jaihind Webdesk
Thursday, August 29, 2024

 

കൊല്ലം: ഗുരുതര ലൈംഗിക ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സർക്കാരിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. സര്‍ക്കാരാണ്‌ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍. റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ നേതൃത്വം നല്‍കിയ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി സജി ചെറിയാന് വകുപ്പില്‍ തുടരാന്‍ അവകാശമില്ല. എത്രയും പെട്ടെന്ന് രാജിവെച്ച് രാഷ്ട്രീയവും ധാര്‍മികവുമായ മൂല്യം ഉയര്‍ത്തിപ്പിടിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ക്രിമിനൽ കുറ്റത്തിന് നേതൃത്വം കൊടുത്ത സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവിട്ടില്ലെന്ന് മാത്രമല്ല, ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്ന് കേരളം ദേശീയ- ആഗോള തലത്തില്‍ ലൈംഗികവൈകൃതത്തിന്‍റെ നാട് എന്ന് പ്രചരിപ്പിക്കപ്പെടുന്നതിന്‍റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. പവർഗ്രൂപ്പിന്‍റെ പേരും കുറ്റാരോപിതരുടെ പേരും സർക്കാർ വെളിപ്പടുത്തണം. മുകേഷ് എംഎൽഎ ആയി തുടരുന്നത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല. മുകേഷിന് ധാർമ്മികത ബാധകമല്ലേ എന്ന് പറയേണ്ടത് സിപിഎമ്മാണ്. മുകേഷ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സിപിഎമ്മിന്‍റെ മുഖം എന്ന നിലയിലാണ് അവതരിപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരിന്‍റെ കൈവശം ഇരിക്കുമ്പോൾ അല്ലേ മുകേഷിനെ മത്സരിപ്പിച്ചത്? ഇത് ചെയ്യാൻ സർക്കാരിനും സിപിഎം പാർട്ടിക്കും എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാരിന്‍റെ നടപടികള്‍ പരിശോധിച്ചാല്‍ വേട്ടക്കാര്‍ക്കൊപ്പമാണ് സിപിഎമ്മും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും. സ്ത്രീപക്ഷരാഷ്ട്രീയത്തിന്‍റെ പേരില്‍ 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍, സ്ത്രീപക്ഷരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മാത്രമല്ല, ഇരകളെ കൂടുതല്‍ വേട്ടയാടാന്‍ അവസരം ഉണ്ടാക്കുന്ന നടപടികളാണ് തുടര്‍ന്ന് നടത്തിയതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.

എം. വിൻസന്‍റിന്‍റെയും എൽദോസ് കുന്നപ്പിള്ളിയുടെയും കാര്യമാണ് പലരും ചോദിക്കുന്നത്. എന്നാൽ യുഡിഎഫ് എംഎൽഎമാരുടെ വിഷയവും ഇതും തമ്മിൽ വ്യത്യാസം ഉണ്ട്. സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ പരാതി ഉയർന്നത്. സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് ഇരകൾ പരാതിയുമായി എത്തിയത്. വിഷയത്തിൽ സിപിഎം സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണ്. അമ്മയുടെ പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ ധാർമിക ഉത്തരവാദിത്വം എറ്റെടുത്ത് രാജിവച്ചു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ആത്മയുടെ പ്രസിഡന്‍റ് രാജിവക്കുന്നില്ല? ആത്മയുടെ പ്രസിഡന്‍റിനെതിരെ ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടിലുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.