രാജ്യത്ത് ആദ്യമായി എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു ; എട്ടു മാസം പ്രായമുള്ള കുഞ്ഞ് ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

Monday, January 6, 2025


ബംഗളൂരു: രാജ്യത്ത് ആദ്യമായി ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം സര്‍ക്കാര്‍ ലാബില്‍ സാമ്പിള്‍ പരിശോധിച്ചിട്ടില്ലെന്നും എന്നാല്‍ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കര്‍ണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം ജാഗ്രത നിര്‍ദേശവുമായി ഡല്‍ഹി,മഹാരാഷ്ട്ര സര്‍ക്കാരുകള്‍ രംഗത്ത് എത്തി. ഇന്‍ഫ്‌ലുവെന്‍സക്ക് സമാനമായ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.