കേന്ദ്രസർക്കാരിന് വീണ്ടും തിരിച്ചടി; ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിന് സ്റ്റേ

Jaihind Webdesk
Thursday, March 21, 2024

കേന്ദ്രസർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഇന്‍റർനെറ്റ് ഉള്ളടക്കത്തിന്‍റെയും വാർത്തകളുടെയും വസ്തുതാപരിശോധനയ്ക്കു പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ ചുമതലപ്പെടുത്തിയ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നു കോടതി ചൂണ്ടിക്കാട്ടിയാണ് നടപടി.

കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്കുള്ള ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചതിനെതിരെയാണു നടപടി. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം ഇതു സ്റ്റേ ചെയ്തത് കേന്ദ്രസർക്കാരിനു വൻ തിരിച്ചടിയായി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണു നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം സർക്കാരിനെതിരായ വിമർശനങ്ങളെ തടയാനാണെന്ന് ആക്ഷേപമുയർന്നിരുന്നു. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്‍റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്‍റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്‍റെ പ്രവർത്തനം. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കാമ്ര എന്നിവർ നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ബോംബെ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ. ഏപ്രിൽ 15നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്.