മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; പൊലീസുകാരെ നാട്ടുകാർ പിടികൂടി

Jaihind Webdesk
Tuesday, January 4, 2022

തൃശൂർ : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയേയും സംഘത്തേയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൃശൂർ കണ്ണാറയിൽ ഇന്നലെ രാത്രിയാണ് സംഭവം.

മലപ്പുറം എആർ ക്യാമ്പിലെ എഎസ്ഐ പ്രശാന്തും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് കാറിന്‍റെ ടയർ പൊട്ടിയതിനാൽ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിക്കൂടി സംഘത്തെ തടഞ്ഞു.

പീച്ചി പൊലീസ് സ്ഥലത്തെത്തി സംഘത്തെ കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.