തിരുവനന്തപുരം: വൈക്കം സത്യഗ്രഹ സമരത്തിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ചരിത്ര കോൺഗ്രസിന് ഇന്ന് തുടക്കമാകും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി എസ്.സി, എസ്.ടി, ഒബിസി ഡിപ്പാർട്ട്മെന്റിന്‍റെ ദേശീയ കോർഡിനേറ്ററുമായ കെ. രാജു ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി തിരുവനന്തപുരം ഉദയപാലസ് കൺവൻഷൻ സെന്‍ററിലാണ് നടത്തുന്നത്. കേരളത്തിന്‍റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ വൈക്കം സത്യാഗ്രഹ സമരത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ തുടർച്ചയായി വൈക്കം സത്യഗ്രഹത്തിന്‍റെ ചരിത്രപ്രാധാന്യവും ദേശീയ പ്രസ്ഥാനത്തിന്‍റെ സ്വാധീനവും വിളിച്ചോതുന്ന ചരിത്ര കോൺഗ്രസാണ് കെപിസിസി സംഘടിപ്പിക്കുന്നത്.