ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ദേശം അതിന്റെ ആത്മാവിനെ കണ്ടെത്തിയ ചരിത്രനിമിഷത്തിന്റെ ഓര്‍മ പുതുക്കലാണിന്ന് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഷ്ട്രമാകാന്‍ ഒരിക്കലും കഴിയില്ലെന്ന് വിധിയെഴുതിയ ദേശത്തിന് ദേശീയ സ്വത്വം നല്‍കിയ ഗാന്ധിയും നെഹ്റുവും അംബേദ്കറും പട്ടേലുമൊക്കെ മായ്ക്കപ്പെടാതെ ഉള്ളില്‍ നിലനില്‍ക്കുന്ന കാലത്ത്, നാം മറ്റൊരു സ്വാതന്ത്ര്യ സമര പോരാട്ടത്തിനാണ് ഇറങ്ങിപ്പുറപ്പെടുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം:
നൂറ്റാണ്ടുകള്‍ നീണ്ട ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തതിന്റെ അഭിമാനം സ്വയം പേറുന്ന ആര്‍എസ്എസ്, സംഘപരിവാര്‍ ശക്തികള്‍, നാം ഇക്കാലമത്രയും ക്ഷതമേല്‍ക്കാതെ സൂക്ഷിച്ച ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനയെയും അപകടത്തിലാഴ്ത്തിയിരിക്കുകയാണ്. വിഭജനഭീതിയുടെ ഓര്‍മ പുതുക്കാന്‍ ഇറങ്ങിപ്പുറപ്പെടുക മാത്രമല്ല, ഇന്ത്യാ വിഭജനത്തിന്റെയും വിഭജനാനന്തര കലാപത്തിന്റെയും വേദനിക്കുന്ന ഓര്‍മകളിലേക്ക് നമ്മെ നയിച്ച ബ്രിട്ടീഷ് രാജിന്റെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രം കൂടിയാണ് അവര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇന്ന് ബിജെപി രാജ് രാജ്യത്തെ സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്.
ജനാധിപത്യത്തെ താങ്ങിനിര്‍ത്താന്‍ ബാധ്യതപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത കൂടി നഷ്ടപ്പെട്ട കാലമാണിത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങി ദേശീയപ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച സകല മൂല്യങ്ങളോടും പ്രതിജ്ഞാബദ്ധമായ ഭരണഘടനയാണ് നമുക്കുള്ളത്. ആ ഭരണഘടനയെ അതിന്റെ എല്ലാ അന്തസ്സത്തയോടും കൂടി നിലനിര്‍ത്തേണ്ടതുണ്ട് നമുക്ക്. അതിന് ഒരു സ്വാതന്ത്ര്യ സമരം കൂടി അനിവാര്യമായിരിക്കുന്നു. വിദേശ ശക്തികള്‍ക്കെതിരെയായിരുന്നു പൂര്‍വീകരുടെ സമരമെങ്കില്‍, ഇന്നിപ്പോള്‍ അധികാരസ്ഥാപനങ്ങള്‍ കൈയാളുന്ന ജനാധിപത്യ, മതേതര, വിരുദ്ധ ശക്തികള്‍ക്കെതിരെയാണ് ഇനി പോരാടാനുള്ളത്. രാജ്യത്തിന്റെ മഹിത പാരമ്പര്യത്തെ തച്ചുതകര്‍ക്കാന്‍ ആരെയും അനുവദിച്ചുകൂടായെന്ന പ്രതിജ്ഞയില്‍ നമുക്ക് മുന്നോട്ടുനീങ്ങാം. ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.